ബൂഡപെസ്റ്റ്: മറ്റൊരു ചരിത്രത്തിലേക്ക് ജാവലിൻ എറിഞ്ഞ് നീരജ് ചോപ്ര. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ്. പുരുഷ ജാവലിൻ ത്രോ മത്സരത്തിൽ 88.17 മീറ്റർ പ്രകടനത്തിലാണ് ഒന്നാമനായത്.
ടോക്യോ ഒളിമ്പിക്സ് ജേതാവായി ചരിത്രം കുറിച്ച നീരജ് തന്നെ ഇന്ത്യയുടെ യശസ്സ് ലോക ചാമ്പ്യൻഷിപ്പിലുമുയർത്തി. കഴിഞ്ഞ വർഷം യു.എസിലെ യൂജീനിൽ നടന്ന ലോക മീറ്റിൽ വെള്ളി മെഡലാണ് നീരജ് സ്വന്തമാക്കിയത്. ഇക്കുറി മൂന്ന് ഇന്ത്യക്കാർ ഫൈനലിലുണ്ടായിരുന്നു. കിഷോർ ജെന (84.77) അഞ്ചാം സ്ഥാനത്തും ഡി.പി മനു (84.14) ആറാം സ്ഥാനത്തും എത്തി.
ഫൗളോടെയായിരുന്നു നീരജിന്റെ തുടക്കം. എന്നാൽ, രണ്ടാം ശ്രമത്തിൽ 88.17 എറിഞ്ഞതോടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. പലരും മെച്ചപ്പെടുത്തിയെങ്കിലും 88 മീറ്ററിലെത്താനാവാതിരുന്നതോടെ നീരജ് സ്വർണം ഉറപ്പിച്ചു.12 പേരുമായി തുടങ്ങിയ ഫൈനലിലെ അവസാന എട്ടുപേരുടെ മത്സരത്തിലും മൂന്ന് ഇന്ത്യൻ താരങ്ങൾക്കും ഇടം ലഭിച്ചു. പാകിസ്താന്റെ അർഷദ് നദീമിനാണ് (87.82) വെള്ളി. ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് ചെക് റിപ്പബ്ലിക്കിന്റെ ജാകൂബ് വാദ് ലെജ് (86.67) വെങ്കലവും നേടി.