ന്യൂഡൽഹി: ആഗസ്റ്റിൽ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനത്തിൽ 11 ശതമാനം വർധന. 1.59 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മാസത്തെ നികുതി വരുമാനം. നികുതി വെട്ടിപ്പ് തടഞ്ഞതും നികുതി പിരിക്കുന്നതിനുള്ള ഊർജിത നടപടികളുമാണ് വരുമാന വർധനക്ക് കാരണമായി പറയുന്നത്.
ആഗസ്റ്റിലെ മൊത്തം ജി.എസ്.ടി വരുമാനം 1,59,069 കോടി രൂപയാണ്. ഇതിൽ 28,328 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 35,794 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. ഇറക്കുമതിയിൽനിന്ന് ലഭിച്ച 43,550 കോടി രൂപ ഉൾപ്പെടെ 83,251 കോടി രൂപ ഇന്റഗ്രേറ്റഡ് ജി.എസ്.ടിയാണ്.
സെസ് ഇനത്തിൽ 11,695 കോടി രൂപയും ലഭിച്ചു. ഇതിൽ 1016 കോടി രൂപ ഇറക്കുമതിയിൽനിന്ന് ലഭിച്ചതാണ്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 1.43 ലക്ഷം കോടി രൂപയാണ് ജി.എസ്.ടി വരുമാനമായി ലഭിച്ചത്.
നികുതി നിരക്കിൽ വർധന വരുത്തിയില്ലെങ്കിലും ജി.ഡി.പി വളർച്ചാ നിരക്കിനേക്കാൾ കൂടുതൽ ജി.എസ്.ടി വരുമാനം വർധിച്ചതായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര പറഞ്ഞു.