വർണവിസ്‌മയംതീർത്ത്‌ 
തലസ്ഥാനം ; ഓണം വാരാഘോഷം സമാപിച്ചു

news image
Sep 3, 2023, 3:24 am GMT+0000 payyolionline.in

തിരുവനന്തപുരം: മലയാളികളുടെ  കണ്ണും കാതും തലസ്ഥാന നഗരിയിലേക്ക്‌ ആകർഷിച്ച മണിക്കൂറുകൾ. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്‌ സമാപനംകുറിച്ച്‌ നടന്ന ഘോഷയാത്ര വർണത്തിന്റെയും കലാപ്രകടനത്തിന്റെയും ചാരുത വിളിച്ചോതി. ശനി വൈകിട്ട്‌ 5.05ന്‌ വെള്ളയമ്പലത്ത്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. തുടർന്ന്‌ കേരള പൊലീസിന്റെ അശ്വാരൂഢസേന ഇറങ്ങി. വാദ്യോപകരണമായ കൊമ്പ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് കലാകാരൻമാർക്ക് നൽകുന്നതോടെ വാദ്യമേളത്തിനും തുടക്കമായി.

കേന്ദ്ര-–- സംസ്ഥാന സർക്കാർ, അർധ സർക്കാർ, തദ്ദേശ വകുപ്പുകൾ എന്നിവയുടെ അറുപതോളം ഫ്ലോട്ട്‌ സാംസ്കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയിൽ അണിനിരന്നു. വിവിധ കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. മൂവായിരത്തോളം കലാകാരന്മാർ ഘോഷയാത്രയിൽ പങ്കാളികളായി. അശ്വാരൂഢസേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയെ പ്രൗഢഗംഭീരമാക്കി.

കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പടയണി, പുലിക്കളി, നീലക്കാവടി, പൂക്കാവടി, ചിന്ത്കാവടി, അമ്മൻകുടം എന്നിവ തനത് മേളങ്ങൾക്കൊപ്പം ആടിത്തിമിർത്തു. മേളങ്ങളിൽ പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, ബാൻഡ്മേളം തുടങ്ങി പെരുമ്പറ മേളംവരെ. മുത്തുക്കുടയേന്തി കേരളീയ വേഷം ധരിച്ച പുരുഷന്മാർ, ഓലക്കുടയേന്തിയ മോഹിനിയാട്ട നർത്തകിമാർ എന്നിവരും അണിനിരന്നു. വേലകളി, ആലവട്ടം, വെൺചാമരം എന്നീ ദൃശ്യരൂപങ്ങളും മിഴിവേകി.  മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, ഗുജറാത്ത്, അസം, തമിഴ്നാട്, കർണാടകം, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള സംഘങ്ങളും തനത്‌ കലാരൂപങ്ങളുമായി നിറഞ്ഞാടി.

രാവിലെ മുതലുണ്ടായ മഴപ്പേടിയെ കൂസാതെ പതിനായിരങ്ങളാണ്‌ നാലോടെ വെള്ളയമ്പലംമുതൽ ഘോഷയാത്ര സമാപിക്കുന്ന കിഴക്കേകോട്ടവരെ റോഡിന്‌ ഇരുവശവുമായി ഇടംപിടിച്ചത്‌. വിവിധ ജില്ലകളിൽനിന്നുള്ളവർമുതൽ നാഗർകോവിൽവരെയുള്ളവർ  ഘോഷയാത്ര കാണാനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സ്‌പീക്കർ, ജനപ്രതിനിധികൾ തുടങ്ങിയവരും കാണികളായി.  ആഗസ്‌ത്‌ 27 മുതലായിരുന്നു ഇത്തവണ ഓണം വാരാഘോഷം. സമാപനം നിശാഗന്ധിയിൽ ടൂറിസംമന്ത്രി മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്‌തു. മികച്ച ഫ്‌ളോട്ടുകൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്‌തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe