കോട്ടയം: ഒരുമാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ശേഷം പുതുപ്പള്ളി നിയസഭ മണ്ഡലത്തിൽ വോട്ടെടുപ്പ് തുടങ്ങി. യുവാക്കൾ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരാകണമെന്ന് ജനം ഇന്ന് വിധിയെഴുതും. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകീട്ട് ആറിന് പൂർത്തിയാകും.ഞായറാഴ്ച പരസ്യപ്രചാരണം അവസാനിച്ചതിനെ തുടർന്ന് നിശ്ശബ്ദ പ്രചാരണത്തിലൂടെ വോട്ട് സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു തിങ്കളാഴ്ച സ്ഥാനാർഥികളും മുന്നണികളും.
182 പോളിങ് ബൂത്താണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ പത്തെണ്ണം പൂർണമായും വനിതകളാകും നിയന്ത്രിക്കുക. എല്ലാ ബൂത്തിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ച 5.30 മുതൽ പോളിങ് അവസാനിക്കുന്നതുവരെയുള്ള ബൂത്തുകളിലെ നടപടികൾ കലക്ടറേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. യു.ഡി.എഫിന്റെ ചാണ്ടി ഉമ്മൻ, എൽ.ഡി.എഫിന്റെ ജെയ്ക് സി. തോമസ്, ബി.ജെ.പിയുടെ ജി. ലിജിൻ ലാൽ, ആം ആദ്മി പാർട്ടിയുടെ ലൂക്ക് തോമസ് എന്നിവരാണ് പ്രധാനമായുള്ളത്. ഇവർക്ക് പുറമെ പി.കെ. ദേവദാസ്, ഷാജി, സന്തോഷ് പുളിക്കൽ എന്നീ മൂന്ന് സ്വതന്ത്രന്മാരുമുണ്ട്. 53 വർഷം എം.എൽ.എയായിരുന്ന ഉമ്മൻ ചാണ്ടി ജൂലൈ 18ന് അന്തരിച്ചതിനെ തുടർന്നാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 1,76,417 വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്. ഇതിൽ 957 പേർ പുതിയ വോട്ടർമാരാണ്. 2021ൽ 9044 വോട്ടിനാണ് ഉമ്മൻ ചാണ്ടി വിജയിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ പൊതുനിരീക്ഷകരെയും ചെലവ്, പൊലീസ് നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം കോട്ടയം ബസേലിയോസ് കോളജിൽ തിങ്കളാഴ്ച രാവിലെ മുതൽ നടന്നു.
സുരക്ഷക്കായി 675 അംഗ പൊലീസ് സേനയെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്ക് 872 ഉദ്യോഗസ്ഥരാണുള്ളത്. വോട്ട് രേഖപ്പെടുത്താൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. ഈമാസം എട്ടിന് കോട്ടയം മാർ ബസേലിയോസ് കോളജിലാണ് വോട്ടെണ്ണൽ.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകൾ ഒത്തുകൂടുന്നതും റാലികളും പൊതുസമ്മേളനങ്ങളും നടത്തുന്നതും വിലക്കി. പാമ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളൂർ സെൻട്രൽ എൽപി സ്കൂളിലെ 91,92,93,94 നമ്പർ ബൂത്തുകൾ അതീവജാഗ്രതാ ബൂത്തുകളായി കണ്ടെത്തി. ഈ 4 ബൂത്തുകളിലും സാധാരണ സുരക്ഷയ്ക്കു പുറമേ അധികമായി ഒരു സിവിൽ പൊലീസ് ഓഫിസറെ കൂടി നിയമിച്ചിട്ടുണ്ട്.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. എട്ടു പഞ്ചായത്തുകളിലായി 182 ബൂത്തുകളാണ് മണ്ഡലത്തിൽ. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തി. വോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പൊലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ച് ഡിവൈഎസ്.പിമാർ, ഏഴ് സിഐമാർ, 58 എസ്ഐ/എഎസ്ഐമാർ, 399 സിവിൽ പൊലീസ് ഓഫിസർമാർ, 142 സായുധപൊലീസ് ബറ്റാലിയൻ അംഗങ്ങൾ, 64 കേന്ദ്രസായുധപൊലീസ് സേനാംഗങ്ങൾ (സിഎപിഎഫ്) എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എഡിജിപി., ഡിഐജി, സോണൽ ഐജി, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ സ്ട്രൈക്കിങ് ഫോഴ്സും പ്രവർത്തിക്കും.
യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിൽ രാവിലെ ഒൻപതിനു വോട്ട് ചെയ്യും. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാർക്കുമൊപ്പം എത്തിയാവും വോട്ട് രേഖപ്പെടുത്തുക. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന് വോട്ടു രേഖപ്പെടുത്തും. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല. മന്ത്രി വി.എൻ.വാസവൻ പാമ്പാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തും. ചലച്ചിത്രതാരം ഭാമയുടെ വോട്ട് മണർകാട് സെന്റ് മേരീസ് ബൂത്ത് നമ്പർ 84ലാണ്.