തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ പദവിയിൽ നിന്ന് കേരള കോൺഗ്രസ്-ബി പ്രതിനിധിയെ നീക്കിയതിനെതിരെ കെ.ബി ഗണേഷ് കുമാർ എം.എൽ.എ. സി.പി.എമ്മിന്റെ ഏകപക്ഷീയ നടപടിക്കെതിരെ അതൃപ്തി ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് കൺവീനർക്ക് ഗണേഷ് കുമാർ കത്ത് നൽകി. മുന്നണി മര്യാദക്ക് ചേരാത്ത നടപടിയാണെന്ന് ചൂണ്ടിക്കാട്ടുന്ന കത്തിൽ പുതിയ നിയമനം പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നു.
കേരള കോൺഗ്രസ്-ബിയെ വെട്ടിയാണ് മുന്നാക്ക സമുദായ വികസന കോർപറേഷന് ചെയര്മാന് സ്ഥാനം സി.പി.എം ഏറ്റെടുത്തത്. ഇതിന് പിന്നാലെ കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന ട്രഷറര്‍ കെ.ജി. പ്രേംജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം. രാജഗോപാലന്‍ നായരെ സർക്കാർ നിയോഗിച്ചു.
മുന്നണിയില്‍ ചര്‍ച്ചയില്ലാതെ ചെയർമാൻ സ്ഥാനം മാറ്റിയതിനെതിരെയാണ് കേരള കോണ്‍ഗ്രസ്-ബിയുടെ പ്രതിഷേധം. 2017ലാണ് മുന്നാക്ക സമുദായ വികസന കോർപറേഷന് ചെയർമാനായി കേരള കോൺഗ്രസ്-ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയെ നിയോഗിച്ചത്. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തെ തുടർന്നാണ് കേരള കോൺഗ്രസ്-ബി പ്രതിനിധിയായി സംസ്ഥാന ട്രഷറര്‍ കെ.ജി. പ്രേംജിത്തിനെ നിയമിച്ചത്.