ബീഫ് കയറ്റുമതി: ലോകത്തിൽ നാലാം സ്ഥാനം ഇന്ത്യക്ക്

news image
Sep 5, 2023, 3:54 pm GMT+0000 payyolionline.in

ലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് നാലാം സ്ഥാനം. യു.എസ്.ഡി.എ (യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിപാർട്മെന്‍റ് ഓഫ് അഗ്രികൾച്ചർ) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. യു.എസ്.ഡി.എ റാങ്കിംങ് പട്ടിക പ്രകാരം ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ബ്രസീലാണ്. രണ്ടും മൂന്നും സ്ഥാനത്ത് ഓസ്ട്രേലിയയും അമേരിക്കയുമാണ്.

2020 ലെ കണക്കുകൾ പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ബ്രസീലാണ്. ലോകത്തിലെ ബീഫ് കയറ്റുമതിയുടെ ഏകദേശം 24 ശതമാനം ബ്രസീലിൽ നിന്നാണ്. ഇന്ത്യയിൽ നിന്ന് 12 ശതമാനം ബീഫ് കയറ്റുമതി ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.

ബ്രസീൽ, ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ, അർജന്റീന, ന്യൂസിലാന്റ്, കാനഡ എന്നീ ഏഴ് രാജ്യങ്ങൾ 2020 ൽ ഒരു ബില്യൺ പൗണ്ടിലധികം ബീഫ് കയറ്റുമതി ചെയ്തുവെന്നും റിപ്പോർട്ട് പറയുന്നു. 2022-ൽ ഇന്ത്യയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം മെട്രിക് ടൺ കാർക്കാസ് വെയ്റ്റ് ഇക്വിവലന്റ് (സി.ഡബ്ല്യൂ.ഇ) ബീഫ് കയറ്റുമതി ചെയ്തതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ലോകത്തൊട്ടാകെയുള്ള മൊത്തം ബീഫ് കയറ്റുമതി 10.95 ദശലക്ഷം ടൺ ആണെന്നും ഇത് 2026 ആകുമ്പോഴേക്കും 12.43 ദശലക്ഷം ടൺ ആയി ഉയരുമെന്നും ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇകണോമിക് കോര്‍പറേഷനും സംയുക്തമായി പുറത്തുവിട്ട 2017 ലെ റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം മൂന്ന് ആയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe