ചെന്നൈ: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്തത് തന്നെയാണ് സനാതനത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമെന്ന് ഉദയനിധി സ്റ്റാലിൻ. സനാതനധർമ പരാമർശത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നും ശക്തമായ വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് വീണ്ടും തന്‍റെ നിലപാട് വ്യക്തമാക്കി തമിഴ്നാട് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി രംഗത്തെത്തിയത്.
വിവേചനത്തെ വ്യക്തമാക്കുന്ന മഹാഭാരതത്തിലെ ഭാഗവും അധ്യാപക ദിനത്തോടനുബന്ധിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിൽ കഴിഞ്ഞ ദിവസം അദ്ദേഹം പരാമർശിച്ചിരുന്നു. പെരുവിരൽ ചോദിക്കാതെ ഗുരുദക്ഷിണ തേടുന്ന അധ്യാപകരുമായുള്ള ബന്ധം എക്കാലവും ദ്രാവിഡർ തുടരുമെന്നായിരുന്നു കുറിപ്പ്.
താഴ്ന്ന ജാതിക്കാരനായതിനാൽ ദ്രോണാചാര്യരുടെ കീഴിൽ അമ്പെയ്ത്ത് പഠിക്കാൻ സാധിക്കാതിരുന്ന വ്യക്തിയായിരുന്നു ഏകലവ്യൻ. പിന്നീട് സ്വന്തം പ്രയത്നത്തിലൂടെ അദ്ദേഹം ദ്രോണാചാര്യരുടെ ശിഷ്യനായ അർജുനനേക്കാൾ അമ്പെയ്ത്തിൽ മികച്ചതായി. ഇതിൽ അരിശംപൂണ്ട ദ്രോണാചാര്യർ ഏകലവ്യന്‍റെ പെരുവിരൽ ആവശ്യപ്പെട്ടു. ഇത് ഏകലവ്യന്‍റെ അമ്പെയ്ത്ത് ഇല്ലാതാക്കി. ശരിയായ അധ്യാപകർ എന്നും ചിന്തിക്കുന്നത് ശിഷ്യരുടെ നല്ല ഭാവിയെക്കുറിച്ചാണെന്നും അദ്ദേഹം കുറിച്ചു.
സനാതനധർമത്തെ മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു ഉദയനിധി സ്റ്റാലിൻറെ പരാമർശം. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോലിഷൻ കോൺക്ലേവിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻറെ പരാമർശം. സംഭവം വിവാദമായതോടെ നിരവധി പേരാണ് മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് ഉദയനിധിക്കെതിരെ കേസെടുത്തിരുന്നു. ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിനീത് പരാതി നൽകിയത്. അഭിഭാഷകർ നൽകിയ സമാന പരാതിയിൽ ഉത്തർപ്രദേശ് പൊലീസും മന്ത്രിക്കെതിരെ കേസെടുത്തിട്ടുണ്ട്. പരാമർശത്തെ അനുകൂലിച്ചതിന് കർണാടക മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെക്കെതിരെയും യു.പി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഉദയനിധി സ്റ്റാലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 262 പ്രമുഖർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് കത്ത് നൽകിയിരുന്നു. മുൻ ജഡ്ജിമാരും വിമുക്ത ഭടന്മാരും മുൻ സർക്കാർ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. സാമുദായിക സൗഹാർദം തകർക്കുന്നതും കലാപത്തിന് പ്രേരിപ്പിക്കുന്നതുമാണ് പ്രസംഗമെന്ന് ആരോപിക്കുന്ന കത്തിൽ, ഉദയനിധി മാപ്പ് പറയാൻ തയാറാകുന്നില്ലെന്നും പറഞ്ഞതിനെ ന്യായീകരിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം വരാനിരിക്കുന്ന നടപടികൾ നേരിടാൻ തയ്യാറാണെന്നും പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ടില്ലെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.