ബംഗളൂരു: ചന്ദ്രയാൻ 3 പേടകം ലാൻഡ് ചെയ്ത ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ പേടകം ഇറങ്ങിയ സ്ഥലത്തിന്റെ ചിത്രങ്ങളാണ് നാസയുടെ ലൂണാർ റിക്കൈനസൻസ് ഓർബിറ്റർ പകർത്തിയത്. ചന്ദ്രനെ വലംവെക്കുന്ന ലൂണാർ ആഗസ്റ്റ് 27നാണ് ഈ ചിത്രങ്ങൾ പകർത്തിയത്.
2009ൽ ആണ് നാസയുടെ ചാന്ദ്രദൗത്യമായ ലൂണാർ റെക്കനേസൻസ് ഓർബിറ്റർ (എൽ.ആർ.ഒ) വിക്ഷേപിച്ചത്. ചന്ദ്രനിലെ രഹസ്യങ്ങൾ തേടി ലൂണാർ പേടകം ഭ്രമണപഥത്തിൽ ഇപ്പോഴും വലംവെക്കുന്നുണ്ട്. ചന്ദ്രോപരിതലത്തിന്റെ 3ഡി മാപ്പിങ് ആയിരുന്നു ലൂണാർ ദൗത്യത്തിന്റെ ലക്ഷ്യം. ഉപരിതലത്തിലെ ജലാംശം കണ്ടെത്താനുള്ള ഗവേഷണങ്ങളും ലൂണാർ നടത്തുന്നുണ്ട്.
ആഗസ്റ്റ് 23നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡറും റോവറും ഉൾപ്പെടുന്ന ചന്ദ്രയാൻ 3 പേടകം വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്തത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് പേടകം ഇറങ്ങിയത്.
ലാൻഡറിൽ നിന്ന് റോവർ പുറത്തുവരികയും ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് 14 ദൗമദിനത്തിൽ പര്യവേക്ഷണം നടത്തുകയും ചെയ്തു. സമാന ദിവസങ്ങളിൽ ലാൻഡറിലെ ഉപകരണങ്ങളും പര്യവേക്ഷണം നടത്തി. തുടർന്ന് ചന്ദ്രനിൽ സൂര്യപ്രകാശം ലഭിക്കുന്നത് അവസാനിച്ചതോടെ സെപ്റ്റംബർ 22ന് ലാൻഡറും റോവറും നിദ്യയിലേക്ക് (സ്ലീപ്പിങ് മോഡ്) മാറി.