ആലുവയിലെ പീഡനം: പ്രതി മലയാളിയെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

news image
Sep 7, 2023, 4:57 am GMT+0000 payyolionline.in

കൊച്ചി∙ ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ എട്ടുവയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയുടെ ദൃശ്യം പുറത്ത്. ഇയാൾ പ്രദേശവാസിയായ മലയാളിയാണെന്നാണു വിവരം. ഇതര സംസ്ഥാന തൊഴിലാളിയാണു പ്രതിയെന്ന രീതിയിൽ ആദ്യം പ്രചാരണം നടന്നിരുന്നു. ഇതിനിടെയാണ്, പ്രതി മലയാളിയാണെന്ന വെളിപ്പെടുത്തൽ. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റുണ്ടാകുമെന്നും ആലുവ റൂറൽ എസ്പി വിവേക് കുമാർ വ്യക്തമാക്കി.

 

വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം പാടത്ത് ഉപേക്ഷിച്ചെന്നാണു പൊലീസിന്റെ നിഗമനം. പീഡനത്തിന് ഇരയായ കുട്ടിയും ദൃക്സാക്ഷിയും പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. അതേസമയം, ദൃശ്യങ്ങളിൽ ഉള്ളയാൾ പ്രദേശവാസിയല്ലെന്നാണ് ഒരു വിഭാഗം ആളുകളുടെ പ്രതികരണം. പ്രതിക്കായി പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ പുരോഗമിക്കുകയാണ്.

കരച്ചിൽ കേട്ടെത്തിയ പ്രദേശവാസികളാണു പെൺകുട്ടിയെ രക്ഷിച്ചതും പൊലീസിൽ വിവരം അറിയിച്ചതും. രക്തം വാർന്നൊലിക്കുന്ന നിലയിലായിരുന്നു പെൺകുട്ടിയെന്നാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ. തുടർന്ന് ആശുപത്രിയിലേക്കു മാറ്റി.

നിലവിൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ട്. അതേസമയം, ഇത് സാരമുള്ളതല്ലെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും പരുക്ക് അത്ര ഗുരുതരമല്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ്, വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ സ്വദേശികളുടെ മകളാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ പിതാവ് ഇന്നലെ രാത്രി തിരുവനന്തപുരത്തിനു പോയിരുന്നു. അതിനുശേഷം അമ്മയും മൂന്നു മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ അകത്തെ മുറിയിലും കുട്ടികൾ ഹാളിലെ വലിയ കട്ടിലിലുമാണ് കിടന്നിരുന്നത്.

വീടിന്റെ പ്രധാന വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നു. താക്കോലും വാതിലിലുണ്ടായിരുന്നു. തൊട്ടടുത്ത് തുറന്നുകിടന്ന ജനലിലൂടെ കയ്യിട്ട് അക്രമി വാതിൽ തുറന്നെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ എടുത്തശേഷം വാതിൽ താക്കോൽ ഉപയോഗിച്ച് പുറത്തുനിന്ന് പൂട്ടിയതായും പറയുന്നു. പിന്നീട് നാട്ടുകാർ സ്ഥലത്തെത്തിയാണ് വാതിൽ തുറന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe