വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിൽ ചാണ്ടിക്ക് മുദ്രാവാക്യം വിളി; ഉമ്മന്‍ചാണ്ടിയുടെ ചിത്രങ്ങളുമായി പ്രവര്‍ത്തകർ

news image
Sep 8, 2023, 2:48 am GMT+0000 payyolionline.in

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ ആവേശം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രങ്ങളുമായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിയത്. കൗണ്ടിംഗ് സെന്‍ററിന് മുന്നിൽ ചാണ്ടിക്ക് വേണ്ടി മുദ്രാവാക്യം വിളികളുമുയര്‍ന്നു.

വോട്ടെണ്ണിത്തുടങ്ങി രണ്ട് മണിക്കൂറിനകം ഫലമറിയാനാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ട്രെൻഡ് വ്യക്തമാകും. ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തീരും. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന കിട്ടും.

കടുത്ത മത്സരം നടന്ന 2021ല്‍ പോലും ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിന്‍റെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യു ഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000 ൽ താഴെ പിടിച്ചുനിർത്തിയാൽ ഇടതുമുന്നണിക്കും പ്രതീക്ഷ നിലനിർത്താം. പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും. 2491 അസന്നിഹിത വോട്ടുകളും 138 സർവീസ് വോട്ടുകളും ആറ് മേശകളിലായി ഇതോടൊപ്പം എണ്ണിത്തീരും. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ കിട്ടിത്തുടങ്ങും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe