പുതുപ്പള്ളിയില്‍ താമര വാടി ! ആദ്യ റൗണ്ടില്‍ 500ല്‍ താഴെ വോട്ട് മാത്രം

news image
Sep 8, 2023, 5:01 am GMT+0000 payyolionline.in

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് എണ്ണിയപ്പോള്‍ നിലംതൊടാതെ ബിജെപി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ കുതിക്കുമ്പോള്‍ ബിജെപി ചിത്രത്തിൽ പോലുമില്ല. ആദ്യ റൗണ്ടിൽ നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പ്രകാരം അഞ്ഞൂറില്‍ താഴെ വോട്ട് മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് ലഭിച്ചത്. അയ്യാരിരത്തിലേറെ വോട്ടുമായി യുഡിഎഫ് വമ്പൻ കുതിപ്പാണ് ആദ്യ റൗണ്ടില്‍ നടത്തിയത്. 2500ലേറെ വോട്ടുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസും പിന്നിലാണ്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് എണ്ണിയ അയര്‍ക്കുന്നം അകമഴിഞ്ഞ പിന്തുണയാണ്  യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് നൽകിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് അയര്‍ക്കുന്നത് ലഭിച്ച വോട്ട് മറികടന്നാണ് ചാണ്ടി ഉമ്മൻ ആദ്യ റൗണ്ടില്‍ തന്നെ കുതിച്ചത്. ജെയ്ക്ക് താമസിക്കുന്ന മണര്‍ക്കാട് നിന്ന് അധികം ദൂരെ അല്ലാത്ത അയര്‍ക്കുന്നം എന്നും യുഡിഎഫിനെ തുണച്ചതാണ് ചരിത്രം.

അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ലീഡാണ് ഉണ്ടായിരുന്നത്. അത് മറികടന്ന് ലീഡ് ഉയര്‍ത്താൻ ചാണ്ടി ഉമ്മന് സാധിച്ചു. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണിയത്. ഇതില്‍ എല്ലാ ബൂത്തുകളിലും ലീഡ് നേടാൻ ചാണ്ടിക്ക് സാധിച്ചു. കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയത്. ഇത് ഒരു ട്രെൻഡ് ആണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിൽ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനാണ് ആദ്യ ലീഡ് നേടാൻ സാധിച്ചിരുന്നു. നാല് വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലെത്തിയത്. പോസ്റ്റൽ വോട്ടുകളിൽ ഏഴ് വോട്ടുകൾ ചാണ്ടി ഉമ്മനും മൂന്ന് വോട്ടുകൾ ജെയ്ക് സി തോമസിനുമാണ് ലഭിച്ചത്. കോട്ടയം ബസേലിയസ് കോളേജിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കുന്നത്. താക്കോലുകൾ തമ്മിൽ മാറിപ്പോയതിനാൽ സ്ട്രോങ്ങ് റൂം വൈകിയാണ് തുറന്നത്. അതിനാൽ വോട്ടെണ്ണലും വൈകിയാണ് ആരംഭിച്ചത്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്. പത്ത് പോസ്റ്റൽ വോട്ടുകളാണ് ആകെ ഉണ്ടായിരുന്നത്. അതില്‍ ഏഴും നേടി ചാണ്ടി ഉമ്മന്‍ ആദ്യ ലീഡ് നേടുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe