പ്രതി റിമാൻഡിൽ: കുട്ടിയെ നേരത്തേ കണ്ടുവച്ചു; അതിക്രമം സ്വബോധത്തോടെ

news image
Sep 9, 2023, 2:37 am GMT+0000 payyolionline.in

ആലുവ: ആലുവ എടയപ്പുറത്ത്‌ വീട്ടിനുള്ളിൽ സഹോദരനൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച  പ്രതി തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്‌റ്റിൽ രാജിനെ (27) ആലുവ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്‌ കോടതി റിമാൻഡ്‌ ചെയ്‌തു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അന്വേഷകസംഘം ഏഴു ദിവസത്തേക്ക്‌ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടു. അപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും.

 

പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ നേരത്തേ കണ്ടുവച്ചിരുന്നതായും വെളിപ്പെടുത്തി. പീഡനം, കവർച്ച എന്നീ ലക്ഷ്യങ്ങളോടെയാണ്‌ വീട്ടിൽ എത്തിയത്‌. വീടിനുസമീപത്ത്‌ നേരത്തേയും വന്നിട്ടുണ്ട്‌. എന്നാൽ, അന്നത്തെ നീക്കം വിജയിച്ചിരുന്നില്ല. തുടർന്ന്‌ കുട്ടിയുടെ അച്ഛന്റെയും ഇവർക്കൊപ്പം താമസിച്ചിരുന്ന അനുജന്റെയും നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. ബുധൻ രാത്രി ഇരുവരും വീട്ടിലുണ്ടാകില്ലെന്ന്‌ കുട്ടിയുടെ അച്ഛന്റെ പരിചയക്കാരായ അതിഥിത്തൊഴിലാളികളിൽനിന്ന്‌ മനസ്സിലാക്കി. നേരത്തേതന്നെ വീടിനുസമീപത്തെത്തി ഒളിച്ചിരുന്നു. കുട്ടിയുടെ അച്ഛനും അനുജനും പോയെന്ന്‌ ഉറപ്പാക്കിയശേഷമായിരുന്നു തുടർന്നുള്ള നീക്കങ്ങൾ.
ബലാത്സംഗം, പോക്‌സോ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾപ്രകാരമാണ്‌ കേസ്‌. സ്വബോധത്തോടെയായിരുന്നു കൃത്യമെന്നും പ്രതി ലഹരിയിലായിരുന്നില്ലെന്നും വൈദ്യപരിശോധനയിൽ തെളിഞ്ഞു.

പെരുമ്പാവൂരിലും സമാന കുറ്റകൃത്യം നടത്താൻ ശ്രമിച്ചതായും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. വീട്ടുകാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ലക്ഷ്യമിട്ടെങ്കിലും നീക്കം പാളി. ഈ സംഭവത്തിലും പോക്‌സോ വകുപ്പുകൾപ്രകാരം പ്രതിചേർത്തു. ക്രിസ്‌റ്റിൽ രാജിനെതിരെ തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി 12 കേസുണ്ട്‌. അന്വേഷണത്തിന്‌ ആലുവ റൂറൽ എസ്‌പി വിവേക്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe