തിരുവനന്തപുരം∙ സോളർ കേസിലെ ലൈംഗികാരോപണത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സോളർ കേസ് സംബന്ധിച്ച് അടിയന്തരപ്രമേയ ചർച്ചയിലാണ് സതീശന്റെ ആരോപണം. സോളർ തട്ടിപ്പു കേസും ലൈംഗികാരോപണവും ഇടതുപക്ഷം ഒന്നാക്കി. രണ്ടും വ്യത്യസ്ത വിഷയങ്ങളാണ്. രാഷ്ട്രീയ എതിരാളികളെ ജനങ്ങൾക്ക് മുൻപിൽ അപമാനിക്കുന്നതിനു വേണ്ടി ദല്ലാൾ നന്ദകുമാർ വഴി പണം കൊടുത്ത്, പരാതിക്കാരിയുടെ കൈയ്യിൽനിന്നു വ്യാജനിർമിതിയായ കത്ത് വാങ്ങിച്ചത് ഇടതുനേതാക്കളാണെന്നും സതീശൻ പറഞ്ഞു.‘‘യേശുവിനെ ക്രൂശിക്കാൻ പടയാളികൾക്കും ആൾക്കൂട്ടത്തിനും വിട്ടുകൊടുത്തതിനുശേഷം, വിധിന്യായം പറഞ്ഞതിനു ശേഷം പീലാത്തോസ് കൈ കഴുകി. എന്നിട്ട് പറഞ്ഞു, ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല. ബഹുമാന്യരായ ഭരണകക്ഷി അംഗങ്ങൾ ഇവിടെ സംസാരിച്ചപ്പോൾ എനിക്ക് പീലാത്തോസിനെയാണ് ഓർമ വന്നത്. ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ, അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്ത ആളുകൾ ഇപ്പോൾ നിയമസഭയിൽ വന്ന് പറയുകയാണ്, അദ്ദേഹം നീതിമാനായിരുന്നു. ആ നിതീമാന്റെ രക്തത്തിൽ ഞങ്ങൾക്കു പങ്കില്ല.
ഇവിടെ ഭരണകക്ഷിയുടെ ഒരു ആഖ്യാനം ഉണ്ട്. നിങ്ങൾ രണ്ടു വിഷയത്തെ ഒന്നാക്കി. ഇവിടുത്തെ വിഷയം, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പരാതിക്കാരിയുടെ കൈയിൽനിന്നു പരാതി എഴുതി വാങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ ലൈംഗികാരോപണം അന്വേഷിക്കാൻ സിബിഐക്ക് വിട്ടു. ഞങ്ങളുടെ ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. ഒരു ക്രിമിനൽ ഗൂഢാലോചന ഈ കേസിൽ നടന്നു. സിബിഐ റിപ്പോർട്ടിന്റെ ചുരുക്കം അതാണ്.
2016ൽ അധികാത്തിൽ വന്ന് മൂന്നാം ദിവസം ഈ പരാതിക്കാരിയെ മുഖ്യമന്ത്രി കണ്ടു. ഇതു സിബിഐ റിപ്പോർട്ടിലുള്ളതാണ്. ആരാണ് ഇടനിലക്കാരൻ? വലിയ കോർപറേറ്റ് ഇടനിലക്കാരനായി അറിയപ്പെടുന്ന ദല്ലാൾ നന്ദകുമാർ. അവിടെവച്ച് പരാതി എഴുതിവാങ്ങിക്കുന്നു. ആ പരാതിക്ക് ശക്തി കിട്ടാൻ വേണ്ടിയിട്ടാണ് പിന്നീട് ഈ നന്ദകുമാർ പോയി, നേരത്തെ തന്നെ ഗണേഷ്കുമാറിന്റെ പിഎ വാങ്ങിച്ച കത്ത് പരാതിക്കാരിക്ക് 50 ലക്ഷം രൂപ കൊടുത്ത് വാങ്ങിയത്. പിന്നീട് മൂന്നോ നാലോ ഉദ്യോഗസ്ഥർ കേസ് അന്വേഷിച്ചു.
ഉമ്മൻ ചാണ്ടിക്കെതിരെ എന്നല്ല, ആരോപണവിധേയരായ ഒരാൾക്കെതിരെ പോലും ഒരു തെളിവും കൊണ്ടുവരാൻ കേരള പൊലീസിന്റെ മാറിമാറി വന്ന അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. അപ്പോഴാണ് ഏറ്റവും അവസാനം പരാതി വാങ്ങിച്ച്, സിബിഐക്കു വിടാൻ വേണ്ടി മുഖ്യമന്ത്രി തീരുമാനിക്കുന്നത്.
വ്യാജ നിർമിതിയാണ് ഈ കത്ത്. പണം വാങ്ങിച്ച് രാഷ്ട്രീയ എതിരാളികളെക്കുറച്ച് കത്ത് എഴുതി കൊടുക്കുകയാണ് ഓരോ ദിവസവും. ആരാണ് പണം കൊടുത്തത്? ഇങ്ങനെയൊരു കത്ത് സംഘടിപ്പിക്കാൻ ആരാണ് ദല്ലാൾ നന്ദകുമാർ വഴി പണം കൊടുത്തുവിട്ടത്? ദല്ലാൾ നന്ദകുമാർ കൈയിൽനിന്നു പൈസ ഒന്നും കൊടുക്കില്ല. പണം കൊടുത്തത് നിങ്ങളാണ്. നിങ്ങളുടെ രാഷ്ട്രീയ എതിരാളികള ജനങ്ങൾക്ക് മുൻപിൽ അപമാനിക്കുന്നതിനു വേണ്ടി പണം കൊടുത്ത്, പരാതിക്കാരിയുടെ കൈയ്യിൽനിന്നു വ്യാജനിർമിതിയായ കത്ത് വാങ്ങിച്ച്, അഞ്ച് കൊല്ലം മുഴുവൻ അന്വേഷണം നടത്തി. ഒരു തെളിവും കിട്ടാതിരുന്നിട്ട് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സിബിഐക്ക് വിടുകയായിരുന്നു.’’– പ്രതിപക്ഷ നേതാവ് പറഞ്ഞു.
സോളർ തട്ടിപ്പു കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 33 കേസെടുത്തു. മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന ടെനി ജോപ്പന് പങ്കുണ്ടെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിനെതിരെയും കേസെടുത്തു. അവതാരങ്ങളെ അകറ്റി നിര്‍ത്തുമെന്ന് പറഞ്ഞ ഈ സര്‍ക്കാരിന്റെ കാലത്തും അവതാരങ്ങളുണ്ടായില്ലേയെന്നും സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ ഭയമാണ് ഭരണപക്ഷത്തുള്ളവര്‍ക്കെന്നും രാജകൊട്ടാരത്തിലെ വിദൂഷകന്‍മാരുടെ അവസ്ഥയാണെന്നും എന്നാല്‍ പ്രതിപക്ഷത്തിന് ആ ഭയമില്ലെന്നും സതീൻ പറഞ്ഞു. കുറ്റകരമായ ഗൂഢാലോചന തെളിയിക്കപ്പെട്ട കേസില്‍ അതിന് പിന്നിലുള്ളവരെ പുറത്ത് കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.