കോൺഗ്രസ് പ്രവർത്തക സമിതി തെരഞ്ഞെടുപ്പിൽ അസ്വാഭാവികത തോന്നി, മാനസിക സംഘർഷമുണ്ടായി -രമേശ് ചെന്നിത്തല

news image
Sep 11, 2023, 10:25 am GMT+0000 payyolionline.in

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നപ്പോൾ ചില അസ്വാഭാവികത തോന്നിയെന്നും മാനസിക സംഘർഷമുണ്ടായെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ തനിക്ക് വിഷമമുണ്ടായി എന്നത് സത്യമാണെന്നും പറയാനുള്ളത് ഹൈകമാൻഡിനെ അറിയിക്കുമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.

16ന് ചേരുന്ന പ്രവർത്തക സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കും. സമിതിയില്‍ കേരളത്തില്‍നിന്ന് നിയോഗിക്കപ്പെട്ട നേതാക്കന്മാരെല്ലാം അതിന് അര്‍ഹരായ വ്യക്തികളാണ്. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ ആത്മാർഥമായി അഭിനന്ദിക്കുകയാണ്. അവർക്കൊപ്പം പ്രവർത്തക സമിതിയിലേക്ക് സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തിയതിൽ നന്ദിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറേണ്ടിവന്നപ്പോള്‍ സ്ഥാനം നഷ്ടപ്പെടുന്നതായിരുന്നില്ല പ്രശ്‌നം, ആ വിഷയം കൈകാര്യം ചെയ്ത രീതിയോടായിരുന്നു എതിര്‍പ്പ്. ചില കമ്യൂണിക്കേഷന്‍ ഗ്യാപ്പുകള്‍ അവിടെ ഉണ്ടായി. എന്നിട്ടും ആരോടും പരാതി പറയാതെ ഒരു കരിയിലപോലും അനങ്ങാന്‍ അവസരം കൊടുക്കാതെ പാര്‍ട്ടിയോടൊപ്പം നിലകൊള്ളാന്‍ കഴിഞ്ഞു. അതിനിടെയായിരുന്നു പ്രവര്‍ത്തകസമിതി പ്രഖ്യാപനം വന്നത്. ദേശീയതലത്തില്‍ എന്റെ ജൂനിയറായിട്ടുള്ള നിരവധി പേര്‍ വന്നപ്പോള്‍ സ്വാഭാവികമായും വിഷമം ഉണ്ടായി എന്നത് സത്യമാണ്. ഇപ്പോള്‍ അതൊന്നും എന്നെയോ കോണ്‍ഗ്രസിനോടുള്ള സമർപ്പണ ബോധത്തെയോ ബാധിക്കുന്ന വിഷയമല്ല.

‘‘പാർട്ടിയും ഹൈകമാൻഡും ഒട്ടേറെ അവസരങ്ങൾ തന്നിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം, പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തുടങ്ങിയവ പാർട്ടി എനിക്ക് നൽകിയിട്ടുണ്ട്. പാർട്ടിക്കുവേണ്ടിയും ജനങ്ങൾക്കുവേണ്ടിയും ഞാൻ പ്രവർത്തിച്ചു. കഴിഞ്ഞ രണ്ടുവർഷമായി പാർട്ടിയിൽ പ്രത്യേക പദവികളില്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിയ ശേഷം 24 മണിക്കൂറും പാർട്ടിക്ക് വേണ്ടിയും ജനങ്ങൾക്കുവേണ്ടിയും ശക്തമായ പ്രവർത്തനങ്ങളുമായാണ് മുന്നോട്ട് പോയത്. നാളെ ഒരു പദവിയില്ലെങ്കിലും ആ ശ്രമം തുടരും’’–ചെന്നിത്തല പറഞ്ഞു.

‘‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഞാനവിടെ ഉണ്ടായിരുന്ന സന്ദർഭത്തിലാണ് പ്രവർത്തക സമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്. പുതുപ്പള്ളിയിൽ കോൺഗ്രസിനും യു.ഡി.എഫിനും ഉജ്വല വിജയം നേടിയെടുക്കുക എന്ന അജണ്ട മാത്രമായിരുന്നു ആ സന്ദർഭത്തിൽ എനിക്കുണ്ടായിരുന്നത്. പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ള ഉമ്മൻ ചാണ്ടിയുടെ മകൻ പുതുപ്പള്ളിയിൽ മത്സരിക്കുമ്പോൾ മറ്റെല്ലാം മറന്ന് അവിടെ പ്രവർത്തിക്കുക എന്നതായിരുന്നു എന്റെ കടമ. 20 ദിവസം പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉണ്ടായിരുന്നു. കോട്ടയത്തെ പഴയ എം.പി എന്ന നിലയിലും പുതുപ്പള്ളിയിലെ വോട്ടർമാരുമായി അടുത്തബന്ധമുള്ള ആളെന്ന നിലയിലും അവിടെ ചെലവഴിച്ച് ചാണ്ടി ഉമ്മനെ വിജയിപ്പിക്കാൻ ആവശ്യമായ നടപടികൾക്കാണ് ഞാനും പങ്കാളിയായത്’’–ചെന്നിത്തല കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe