കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീൻ എം.എൽ.എക്ക് വീണ്ടും എൻഫോഴ്സ് െമന്റെ് ഡയറക്ടറേറ്റിന്റെ(ഇ.ഡി) നോട്ടീസ്. 19ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ തിങ്കളാഴ്ച എ.സി. മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. 11 മണിക്കൂറോളമാണ് അന്ന് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരത്തേ എ.സി. മൊയ്തീന്റെ വീട്ടിൽ 22 മണിക്കൂറോളം റെയ്ഡും നടത്തിയിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് വിളിപ്പിച്ചത്. മൂന്നാം തവണ നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മൊയ്തീൻ ഹാജരായത്.
അതേസമയം, ഇ.ഡി ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകുമെന്ന് കഴിഞ്ഞ ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയെന്നും അക്കൗണ്ട് മരവിപ്പിച്ചത് പിൻവലിക്കാൻ കത്ത് നൽകിയതായും അദ്ദേഹം അറിയിച്ചിരുന്നു.
മൊയ്തീന് പുറമെ തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തിയും അല്ലാതെയും ചോദ്യം ചെയ്തതായാണ് വിവരം. അതേസമയം, വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ അരവിന്ദാക്ഷൻ ആരോഗ്യകാരണങ്ങളാല്‍ എത്തിയിരുന്നില്ല. 10 വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കണമെന്ന് ഇ.ഡി മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നു.
2016-18 കാലത്ത് കോടികളുടെ അനധികൃത വായ്പ നല്കി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.