കൊച്ചി: ക്ഷേത്ര ഭരണസമിതി തീരുമാനത്തിന് വിരുദ്ധമായി ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കുന്നത് തടഞ്ഞ് ഹൈകോടതി. ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളായ ക്ഷേത്രങ്ങളുടെ വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങൾകൊണ്ട് തകർക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജ വിജയ രാഘവന്റെ ഉത്തരവ്.
കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ പ്രത്യേകാവസരങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ട് കാവിക്കൊടി സ്ഥാപിക്കുന്നത് ചിലർ തടയുന്നുവെന്നും പൊലീസ് സംരക്ഷണം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ‘പാർത്ഥസാരഥി ഭക്തജനസമിതി’ എന്ന സംഘടനയുടെ പ്രവർത്തകരായ ശ്രീനാഥ്, ഇന്ദ്രജിത്ത് എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഭക്തരുടെ ക്ഷേമത്തിനായി 2022 ൽ സ്ഥാപിച്ച സംഘടനയാണ് പാർത്ഥസാരഥി ഭക്തജനസമിതിയെന്ന് ഹരജിയിൽ പറയുന്നു. അതേസമയം, രാഷ്ട്രീയപ്പാർട്ടിയുമായി ബന്ധപ്പെട്ട കാവിക്കൊടി സ്ഥാപിക്കാനാണ് ഹരജിക്കാരുടെ ശ്രമമെന്നും ഈ ആവശ്യം അംഗീകരിച്ചാൽ ക്ഷേത്രത്തിൽ സംഘർഷാവസ്ഥയുണ്ടാകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ക്ഷേത്ര ഭരണസമിതി ബാനറും പതാകകളും കാണിക്ക വഞ്ചിക്ക് 100 മീറ്റർ പരിസരത്ത് പാടില്ലെന്ന് ക്ഷേത്ര ഭരണ സമിതിയുടെ തീരുമാനമുണ്ട്. ഇത്തരം പതാകകൾ നീക്കം ചെയ്യാൻ ഹൈകോടതി ഉത്തരവുകളും നിലവിലുണ്ടെന്നും സർക്കാർ വ്യക്തമാക്കി. തുടർന്നാണ് ഹരജിക്കാരുടെ ആവശ്യം അനുവദിക്കാനാവില്ലെന്നും
നിയമപരമായ ആരാധന മാത്രമേ പാടുള്ളൂവെന്നും കോടതി നിർദേശിച്ചത്.
ക്ഷേത്രവും പരിസരവും വിശുദ്ധിയും പരസ്പര ബഹുമാനവും നിലനിൽക്കുന്നിടമായിരിക്കണമെന്നതാണ് പരമപ്രധാനമെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ ആത്മീയാന്തരീക്ഷം തകർക്കാൻ അനുവദിക്കാനാവില്ല. ക്ഷേത്രാചാരങ്ങൾ നടത്താനുള്ള നിയമപരമായ അധികാരമുള്ളവരാണ് ഹരജിക്കാരെന്ന് സ്ഥാപിക്കാനുമായിട്ടില്ല. ഹരജിക്കാർ ആവശ്യപ്പെടുന്ന വിധം കൊടി സ്ഥാപിക്കാൻ അനുമതി നൽകുന്നത് ക്ഷേത്ര ഭരണസമിതി തീരുമാനത്തിനും കോടതി ഉത്തരവിനും വിരുദ്ധമാകും. ശാന്തവും വിശുദ്ധവുമായ ക്ഷേത്രാന്തരീക്ഷത്തിന് അനുയോജ്യമായ ആവശ്യമല്ല ഹരജിക്കാരുടേത്. അതിനാൽ, ആവശ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.