വടകര: നിപാ പ്രതിരോധത്തിനായി കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ ആയഞ്ചേരിയിൽ ആൾത്തിരക്ക് കുറഞ്ഞു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മരുന്നുകടകളും മാത്രമാണ് ഇവിടെയെല്ലാം തുറന്നത്. മരുതോങ്കര പഞ്ചായത്തിലാണെങ്കിലും കുറ്റ്യാടി നഗരത്തോടു തൊട്ടുകിടക്കുന്ന അതിർത്തിപ്രദേശമാണ് കള്ളാട്. നടന്നെത്താവുന്ന ദൂരം മാത്രം. പുഴയോടുചേർന്ന കുന്നിൻചെരുവ്. തൊട്ടുതൊട്ടു വീടുകൾ തിങ്ങി നിറഞ്ഞ പ്രദേശം. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ ഇങ്ങോട്ടുള്ള വഴികളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇരുണ്ടുകൂടിയ ആകാശം പോലെയുള്ള മനസുമായാണ് കുറ്റ്യാടി കള്ളാട് നിവാസികൾ ഇന്നലെ കഴിച്ചുകൂട്ടിയത്. ആയഞ്ചേരി മംഗലാട്, തിരുവള്ളൂർ തുടങ്ങിയ മേഖലകളിലെ കണ്ടെയ്ൻമെന്റ് സോണുകളിലും സ്ഥിതി വ്യത്യസ്തമല്ല.
കച്ചവടക്കാർക്ക് സങ്കടപ്പെരുഴ
കോഴിക്കോട്∙ ‘‘ അഞ്ചാറു ദിവസം മുൻപാണ് ഈ നാലു പഴക്കുലകൾ വാങ്ങിയത്. എന്തു ചെയ്യുമെന്നറിയില്ല.’’ സങ്കടത്തോടെ കൊള്ളിയോടൻ ഷെരീഫ് പറഞ്ഞു. കുറ്റ്യാടി നഗരമധ്യത്തിൽ കൊള്ളിയോടൻ സ്റ്റോഴ്സ് എന്ന പഴക്കട നടത്തുന്നയാളാണ് ഷെരീഫ്. പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആക്കിയതോടെ ആളുകൾ റോഡിലിറങ്ങുന്നില്ല. ആരും സാധനങ്ങൾ വാങ്ങാൻ വരുന്നുമില്ല. വാഴക്കുലകൾ ഇനിയുമിരുന്നാൽ കേടായിപ്പോവുമെന്ന് ഉറപ്പാണ്. പക്ഷേ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയുമാണ്.
പ്രദേശത്ത് ഹോട്ടലുകളൊന്നും തുറക്കുന്നില്ല. പഴംപൊരിയുണ്ടാക്കുന്ന കടകൾ തേടിപ്പിടിച്ച് വിൽക്കാമെന്നു ഷെരീഫ് ചിന്തിച്ചു. പക്ഷേ കണ്ടെയ്ൻമെന്റ് സോണായതോടെ യാത്രാനിയന്ത്രണവുമുണ്ട്. എന്തെങ്കിലും വരുമാനം കണ്ടെത്താൻ കുറച്ചു മാസ്കുകൾ വിൽപനയ്ക്കായി ഷെരീഫ് എത്തിച്ചിട്ടുണ്ട്. ഇതെങ്കിലും ആരെങ്കിലും വാങ്ങുമെന്ന പ്രതീക്ഷയിലാണ് രാവിലെ മുതൽ ഷെരീഫ് കടയും തുറന്ന് ഇരിക്കുന്നത്.
‘‘ ഇന്ന് ആകെ 150 രൂപയുടെ കച്ചോടമാണ് മോനേ നടന്നത്.’’ കുറ്റ്യാടി നഗരമധ്യത്തിൽ പച്ചക്കറി കടയിലെ ജീവനക്കാരനായ അബൂബക്കർ പറഞ്ഞു. രാവിലെ ഏഴു മുതൽ കട തുറന്നതാണ്. വൈകിട്ട് നാലായിട്ടും സാധനങ്ങൾ വാങ്ങാൻ ആരും വരുന്നില്ലെന്ന ആശങ്കയിലാണ് അബൂബക്കർ.