ഇംഫാല്‍: മണിപ്പൂരില്‍ വസ്തുതാന്വേഷണ പഠനം നടത്തിയ എഡിറ്റേഴ്സ് ഗില്‍ഡ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. കേസിലെ തുടര്‍നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.
മണിപ്പൂര്‍ പൊലീസാണ് എഡിറ്റേഴ്സ് ഗില്‍ഡിന് വേണ്ടി വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ അടക്കമുള്ള കുറ്റകൃത്യങ്ങളായിരുന്നു മാധ്യമപ്രവര്‍ത്തരുടെ മേലില്‍ ചുമത്തിയിരുന്നത്. സൈന്യത്തിന്റെ ആവശ്യപ്രകാരമാണ് എഡിറ്റേഴ്സ് ഗില്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മണിപ്പൂര്‍ കലാപത്തില്‍ മാധ്യമങ്ങളുടെ പങ്കിനെ കുറിച്ചായിരുന്നു പ്രധാനമായും എഡിറ്റേഴ്സ് ഗില്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്
ഈ കേസില്‍ രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്കാന് മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിന് ശേഷമായിരിക്കും ഈ കേസ് നിലനില്‍ക്കുമോ ഇല്ലയോ എന്നും ഡല്‍ഹി കോടതിയിലേക്ക് മാറ്റുന്നതിനെ കുറിച്ചുമൊക്കെ തീരുമാനമെടുക്കുന്നത്.
മണിപ്പുര്‍ കലാപത്തോടുള്ള മാധ്യമങ്ങളുടെ സമീപനത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ എഡിറ്റേഴ്സ് ഗില്‍ഡ് വസ്തുതാന്വേഷണ സംഘാംഗങ്ങള്‍ക്ക് എതിരെയും പ്രസിഡന്റ് സീമാ മുസ്തഫയ്ക്കെതിരെയുമാണ് പൊലീസ് കേസെത്തിരുന്നത്. ഇന്ത്യന്‍ വുമണ്‍ പ്രസ് കോപ്സ്, പ്രസ് ക്ലബ് ഓഫ് മുംബൈ, ഡല്‍ഹി യൂണിയന് ഓഫ് ജേര്‍ണലിസ്റ്റ്സ്, പ്രസ് ക്ലബ് ഓഫ് മുംബൈ തുടങ്ങിയ മാധ്യമപ്രവര്‍ത്തക സംഘടനകളും മണിപ്പുര്‍ പൊലീസിന്റെ നടപടിയ്ക്കെതിരായി രംഗത്തുവന്നു.
ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി റദ്ദാക്കിയ ഐടി നിയമത്തിലെ 66എ വകുപ്പടക്കം ചുമത്തിയാണ് ഇംഫാല്‍ വെസ്റ്റ് പൊലീസ് കേസെടുത്തത്. ഈ വകുപ്പനുസരിച്ച് എവിടെയും നിയമനടപടി അരുതെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ (ഐപിസി 153 എ), തെറ്റായ വിവരം ശരിയെന്ന് പ്രചരിപ്പിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എന്‍ ശരത് സിങ് എന്നയാളുടെ പരാതിയിലാണ് കേസെടുത്തത്.