തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ സമ്മേളനത്തിൽ വിവാദ പരാമർശം നടത്തിയ നടൻ അലൻസിയർ ലോപ്പസിനെതിരെ വനിതാ കമ്മിഷന്. അലന്‍സിയറുടെ പ്രസ്താവന അപലപനീയമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. സാംസ്കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശിൽപമായി നല്‍കുന്നത്. വളരെയേറെ അഭിമാനത്തോടെ ഇതു കാണുന്നതിനു പകരം അവഹേളിച്ചു കൊണ്ട് ഒരു പ്രസ്താവന നടത്തിയത് തീര്‍ത്തും അനുചിതവും സാംസ്കാരിക കേരളത്തിനും ചലച്ചിത്രമേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്ന നടപടിയാണെന്നും സതീദേവി പറഞ്ഞു.
പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു സ്പെഷൽ ജൂറി പുരസ്കാരം നേടിയ അലൻസിയറുടെ പരാമർശം. ആൺകരുത്തുള്ള പ്രതിമ കിട്ടുമ്പോൾ അഭിനയം നിർത്തുമെന്നും പറഞ്ഞു. സ്പെഷൽ ജൂറി അവാർഡിനെയും അദ്ദേഹം വിമർശിച്ചു.
‘മികച്ച നടനുള്ള അവാർഡൊക്കെ എല്ലാവർക്കും കിട്ടും. ഇതു സ്പെഷൽ ജൂറി അവാർഡാണെങ്കിൽ സ്വർണം പൂശിയ പ്രതിമ നൽകണം. എന്നെയും കുഞ്ചാക്കോ ബോബനെയും 25,000 രൂപ നൽകി അപമാനിക്കരുത്. ജൂറി ചെയർമാൻ ഗൗതം ഘോഷിനോടാണ് പറയാനുളളത്’. മുഖ്യമന്ത്രി പോയിക്കഴിഞ്ഞതിനാൽ സാംസ്കാരിക മന്ത്രിയോട് പറയാമെന്ന് പറഞ്ഞായിരുന്നു വിവാദ പരാമർശങ്ങൾ.
2018ൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം വാങ്ങി മടങ്ങവേ മുഖ്യാതിഥിയായിരുന്ന നടൻ മോഹൻലാലിനെ നോക്കി വെടിവയ്ക്കുന്ന രീതിയിലുള്ള ആംഗ്യം കാട്ടിയതും വിവാദമായിരുന്നു.