തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവറെ തല്ലി ഇതര സംസ്ഥാന തൊഴിലാളികൾ; മര്‍ദ്ദനമേറ്റത് കക്കോടി സ്വദേശിക്ക്

news image
Sep 17, 2023, 1:45 pm GMT+0000 payyolionline.in

തിരുവനന്തപുരം: പോത്തൻകോട് കെഎസ്ആർടിസി ഡ്രൈവർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ മർദ്ദനം. വൈകിട്ട് 3.30 -ഓടുകൂടി പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിൽ വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാർ (51)ന് പരിക്കേറ്റു.

ശശികുമാറിന്റെ വലതുകൈ വിരലിന് ഗുരുതര പരിക്ക് പറ്റിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ ഹൈദർ അലി (31), സമീർ ദാസ് (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരാണ് പിടിയിലായത്. പോത്തൻകോടിനടുത്ത് പ്ലാമൂട് വച്ച് മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചതിന് ശേഷം ബസിൽ ശക്തമായി അടിക്കുകയും ചെയ്തു. തുടർന്ന് ഡ്രൈവർ ബസ് നിർത്താതെ കെഎസ്ആർടിസി പോത്തൻകോട് സ്റ്റാൻഡിലേക്ക് പോയി. പുറകിൽ നിന്ന് വന്ന മറ്റൊരു ബസ്സിൽ കയറിയ സംഘം കെഎസ്ആർടിസി ബസ്റ്റാൻഡിൽ വച്ച് ഡ്രൈവറെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാർ തടിച്ചുകൂടിയത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe