മലേഷ്യൻ കുള്ളൻ തൈ ഉൾപ്പെടെ വാഗ്ദാനം ചെയ്ത് മണ്ണുത്തി ഫാമിന്റെ കാർഡ് നിർമ്മിച്ച് കോടികൾ തട്ടി; പ്രതി പിടിയിൽ

news image
Sep 22, 2023, 2:07 pm GMT+0000 payyolionline.in

തിരുവല്ല: മണ്ണുത്തി കേരള അഗ്രികൾച്ചറൽ ഫാമിന്റെ വ്യാജ ഐഡന്റിറ്റി കാർഡ് നിർമ്മിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലരിൽ നിന്നായി 1.20 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പത്തനംതിട്ട പുന്നവേലി സ്വദേശി തിരുവല്ല പൊലീസിന്റെ പിടിയിലായി. പുന്നവേലി പടിഞ്ഞാറെ മുറി വെളിയംകുന്ന് വീട്ടിൽ വി.പി. ജെയിംസ് (46) ആണ് അറസ്റ്റിലായത്.

മലേഷ്യൻ തെങ്ങിൻ തൈ ഉൾപ്പെടെയുള്ള കാർഷിക വസ്തുക്കൾ നൽകാം എന്ന് വാഗ്ദാനം ചെയ്ത് 6.73 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി വേങ്ങൽ വേളൂർ മുണ്ടകം സ്വദേശി തമ്പി പരാതി നൽകിയിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്തെ ആഡംബര ഹോട്ടലിൽനിന്ന് ജെയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സമാനരീതിയിൽ 60 ലക്ഷം രൂപ തട്ടിയെടുത്തതായി പെരുമ്പെട്ടി സ്വദേശി എബ്രഹാം കെ. തോമസും ഇയാൾക്കെതിരെ പെരുമ്പട്ടി പൊലീസിൽ പരാതി നൽകിയിരുന്നു.

കേരള അഗ്രികൾച്ചറൽ ഫാമിന്റെ ഔദ്യോഗിക പ്രതിനിധി എന്ന് തെറ്റിദ്ധരിപ്പിക്കും വിധം സ്ഥാപനത്തിന്റെ വ്യാജ ഐ.ഡി കാർഡും കാർഷിക വിത്തുകളുടെ ഫോട്ടോയും വിലവിവരവും അടങ്ങുന്ന ഫയലുമായി എത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. തൃശ്ശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലായിരുന്നു ഇടപാടുകൾ.

ലഭിച്ച പണം ആഡംബര ഹോട്ടലുകളിലെ താമസത്തിനും ലോട്ടറി എടുക്കുവാനും ചെലവഴിച്ചതായി പ്രതി പൊലീസിൽ മൊഴി നൽകി. ഡിവൈ.എസ്.പി എസ്. അർഷാദിന്റെ നിർദേശ പ്രകാരം എസ്.എച്ച്.ഒ ബി.കെ. സുനിൽ കൃഷ്ണൻ, എസ്.ഐമാരായ അനീഷ് എബ്രഹാം, നിത്യ സത്യൻ, സീനിയർ സി.പി.ഒമാരായ അഖിലേഷ്, ഉദയൻ, മനോജ്, സി.പി.ഒ അവിനാശ് എന്നിവരടങ്ങുന്ന സംഘമാണ് ജെയിംസിനെ പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe