നിക്ഷേപകരുടെ പണം തിരികെ നൽകാതെ മലപ്പുറം തെന്നല സഹകരണ ബാങ്ക്, യുഡിഎഫ് ഭരണസമിതിക്കെതിരെ തട്ടിപ്പാരോപണം

news image
Sep 26, 2023, 7:18 am GMT+0000 payyolionline.in

മലപ്പുറം : യുഡിഎഫ് ഭരണസമിതി കൈയ്യാളുന്ന മലപ്പുറം തെന്നല സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ലെന്ന് പരാതി. രോഗികൾക്ക് ആശുപത്രിയിൽ നൽകാനുള്ള തുക പോലും കിട്ടാതായതോടെ നിക്ഷേപകർ പ്രതിസന്ധിയിലാണ്. മലപ്പുറം ജോയിന്റ് രജിസ്ട്രാർക്ക് നിക്ഷേപകർ പരാതി നൽകി.

മക്കളുടെ കല്യാണത്തിനും ആശുപത്രി ആവശ്യത്തിനുമായി വരുന്നവരെയൊക്കെ പണമില്ലെന്ന കാരണം പറഞ്ഞ് മടക്കുകയാണ് ബാങ്ക് അധികൃതർ. കഴിഞ്ഞയാഴ്ച രോഗിയായ സ്ത്രീ 2000 രൂപ പിൻവലിക്കാൻ വന്നപ്പോൾ പോലും ബാങ്ക് അനുവദിച്ചില്ല. ദിവസവേതനക്കാരും ഗൾഫിൽ നിന്ന് സ്വരുക്കൂട്ടി പണം നിക്ഷേപിച്ചവരുമെല്ലാം അത്യാവശ്യത്തിന് തുക ചോദിക്കുമ്പോൾ ബാങ്ക് കൈമലർത്തും. യു‍ഡിഎഫാണ് കാലങ്ങളായി ബാങ്ക് ഭരിക്കുന്നത്. അനധികൃതമായി വായ്പകൾ നൽകിയത് തിരിച്ചടക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

 

 

മുൻഭരണ സമിതി നടത്തിയ ക്രമക്കേടിനെത്തുടർന്ന് ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും നടപ്പിലായിട്ടില്ല. ബാങ്കിന്റെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണമെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് നിക്ഷേപകർ ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകി. നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം. എന്നാൽ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ബാങ്ക് അധികൃതർ തയ്യാറായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe