തൊണ്ടിമുതൽ കേസ് : ആൻറണി രാജുവിന്‍റെ ഹര്‍ജി നവംബര്‍ ഏഴിലേക്ക് മാറ്റി

news image
Sep 26, 2023, 7:37 am GMT+0000 payyolionline.in

ദില്ലി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രിം കോടതി നവംബര്‍ ഏഴിലേക്ക് മാറ്റി. എതിർകക്ഷികൾക്ക് മറുപടി നൽകാനാണ് സമയം നൽകിയത്. ഇത് ഗൗരവമുള്ള കേസാണെന്ന വാക്കാലുള്ള നിരീക്ഷണത്തോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജസ്റ്റിസ് സി.ടി. രവികുമാര്‍ നവംബര്‍ ഏഴിലേക്ക് നീട്ടിയത്. 50 ഓളം തൊണ്ടിമുതലുകളിൽ ഒന്നിൽ മാത്രമാണ് ആരോപണമെന്നാണ് ആന്‍റണി രാജുവിന്‍റെ അഭിഭാഷകന്‍ ദീപക് പ്രകാശ് ഗൗരവമുള്ള കേസാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണത്തിന് മറുപടിയായി അറിയിച്ചത്. നേരത്തെ തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ സുപ്രീം കോടതി നൽകിയിരുന്നു.

 

തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈകോടതി ഉത്തരവിനെതിരെയാണ് ആൻറണി രാജു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ആൻറണി രാജുവിന് അനുകൂലമായി സുപ്രീം കോടതി തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ ഉത്തരവ് അനുവദിക്കുകയായിരുന്നു. ഹര്‍ജികളില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി ഇടക്കാല സ്റ്റേ ഉത്തരവിറക്കിയത്. കേസിന്‍റെ എല്ലാ വശവും പരിശോധിക്കുമെന്നും ജസ്റ്റിസ് സി ടി രവികുമാര്‍ വ്യക്തമാക്കിയിരുന്നു. 33 വര്‍ഷത്തിനുശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹര്‍ജിക്കാരനായ ഗതാഗത മന്ത്രി ആന്‍റണി രാജു എതിര്‍ത്തിരുന്നു. 33 വര്‍ഷം ഈ കേസുമായി മുന്നോട്ടുപോകേണ്ടിവന്നു. ഇത് മാനസിക വിഷമം ഉണ്ടാക്കുന്നതായും അതിനാല്‍ കേസിന്‍റെ നടപടികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

അതേസമയം, പോലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയും സുപ്രീം കോടതിക്ക് മുന്നിലുണ്ട്. കോടതിയുടെ കസ്റ്റഡയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നാല്‍ കേസെടുക്കാന്‍ പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചായിരുന്നു ഹൈകോടതി എഫ്ഐആര്‍ റദ്ദാക്കിയിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടു പോകുന്നതിൽ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പൊലീസ് എഫ്ഐആർ റദ്ദാക്കിയ ഉത്തരവിലെ ഈ ഭാഗം അനുചിതമെന്നാണ് ഹർജിയിൽ വാദിക്കുന്നത്. ഇതിനെ തനിക്കെതിരെയുള്ള അന്വേഷണമായി മാധ്യമങൾ ചിത്രീകരിക്കുന്നു. തനിക്കെതിരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കേസിൽ മെറിറ്റുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അതിനാൽ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനിൽക്കില്ലെന്നുമാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആന്റണി രാജു പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe