ഇഡിയുടെ ലക്ഷ്യം 
തെരഞ്ഞെടുപ്പ്‌ , വേട്ടയാടൽ രാഷ്ട്രീയലക്ഷ്യത്തോടെ : മുഖ്യമന്ത്രി

news image
Sep 28, 2023, 3:47 am GMT+0000 payyolionline.in

തിരുവനന്തപുരം: കരുവന്നൂർ ബാങ്കിനെതിരെയുള്ള ആരോപണത്തിൽ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വേട്ടയാടലിനാണ് ഇഡി ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കമാണിതെന്ന്‌ സംശയിക്കണം. ആരോപണത്തെ സർക്കാർ ഗൗരവത്തോടെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ അന്വേഷണങ്ങൾ നടന്നത്. ഇഡിയോ സിബിഐയോ ഒന്നുമല്ല ഇക്കാര്യങ്ങൾ കണ്ടെത്തിയത്. മറ്റു സംസ്ഥാനങ്ങളിലെ ബാങ്കിങ്‌ ക്രമക്കേടുകളിൽ നിസ്സംഗത പാലിക്കുന്ന ഏജൻസികൾ കരുവന്നൂരിൽ ഉത്സാഹം കാട്ടുന്നു. സമ്പദ് ഘടനയുടെ നട്ടെല്ലായ സഹകരണ മേഖല കുഴപ്പത്തിലാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ലക്ഷ്യം. സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള 16,255 സംഘത്തിൽ 98.5 ശതമാനവും കുറ്റമറ്റ രീതിയിലാണ് പ്രവർത്തിക്കുന്നത്.

 

കരുവന്നൂരിൽ പൊലീസും ക്രൈംബ്രാഞ്ചും ക്രിയാത്മകമായ അന്വേഷണമാണ് നടത്തിയത്‌. സംഘത്തിന്റെ മുൻ സെക്രട്ടറിയടക്കം 26 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. 18 എഫ്ഐആർ രജിസ്റ്റർ ചെയ്തു. 745 സാക്ഷികളിൽനിന്ന് വിവരം ശേഖരിച്ചു. 412 രേഖകൾ പിടിച്ചെടുത്തു. പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും നടപടിയെടുത്തു. ഇതിനിടയിലാണ് ഇഡിയെത്തി ഫയലുകളും രേഖകളും പിടിച്ചെടുത്തത്.

സഹകരണവകുപ്പിന്റെ അന്വേഷണത്തിലും ക്രമക്കേട് കണ്ടെത്തി ഭരണസമിതി പിരിച്ചുവിട്ട്‌ അഡ്മിനിസ്ട്രേറ്റ് കമ്മിറ്റിയെ നിയോഗിച്ചു. നഷ്ടം ഈടാക്കാൻ റവന്യൂ റിക്കവറി നടപടി ആരംഭിച്ചിരുന്നു. ക്രമക്കേടുകൾ തടയാൻ, 50 വർഷംമുമ്പുള്ള നിയമം പരിഷ്കരിച്ചതും ഓഡിറ്റിങ്‌ ഏർപ്പെടുത്തിയതും എൽഡിഎഫ് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe