ലഖ്നോ: കാട്ടു കൂൺ ശേഖരിക്കാൻ മറ്റ് രണ്ട് പേർക്കൊപ്പം പിലിഭിത് ടൈഗർ റിസർവിൽ (പി.ടി.ആർ) പ്രവേശിച്ച 55 കാരനായ കർഷകനെ കടുവ കടിച്ചുകൊന്നു. തോത്തറാമാണ് മരിച്ചത്. ഉത്തർപ്രദേശിലെ പിലിഭിത്തിയിലാണ് സംഭവം. ഫീൽഡ് ഫോറസ്റ്റ് സംഘമാണ് കാട്ടിനുള്ളിൽ പാതി തിന്ന നിലയിൽ മനുഷ്യന്റെ മൃതദേഹം കണ്ടെത്തിയത്. പി.ടി.ആർ അതിർത്തിയിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ വനത്തിനുള്ളിലാണ് സംഭവം നടന്നത്.
തോത്തറാമും മറ്റു രണ്ട് സുഹൃത്തുകളും കാട്ടിലേക്ക് പോവുകയും അവിടെവെച്ച് തോത്താറാമിനെ കാണാതാവുകയും ഇതേ തുടർന്ന് മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെടുകയുമായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. വലതുകാൽ നഷ്ടപ്പെട്ട നിലയിലാണ് തോത്താറാമിന്റെ മൃതദേഹം കണ്ടെത്തിയത്. മുഖത്തും കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പിന്നീട് സ്ഥലത്ത് കണ്ടെത്തിയ കാൽപ്പാടുകളുടെ അടിസ്ഥാനത്തിൽ പൂർണ വളർച്ചയെത്തിയ കടുവയാണ് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. എല്ലാം മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് സംഭവിച്ചത്. കടുവയെ കണ്ടെത്താനും സമീപകാലത്തെ ആക്രമണങ്ങളിൽ ഇതേ കടുവക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കാനും തങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് ഡി.എഫ്.ഒ ഖണ്ഡേൽവാൾ പറഞ്ഞു.
തോത്തറാമിന്‍റെ കോർ ഫോറസ്റ്റിനുള്ളിൽ മരണം സംഭവിച്ചതിനാൽ നഷ്ടപരിഹാരം ലഭിച്ചേക്കില്ല. പ്രവേശനം നിരോധിച്ചിട്ടും സംരക്ഷിത മേഖലയിലേക്ക് അതിക്രമിച്ച് കയറിയതിന് രക്ഷപ്പെട്ട രണ്ട് പേർക്കെതിരെ വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുക്കും. കടുവയെ ഉടൻ കണ്ടെത്തിയില്ലെങ്കിൽ മറ്റൊരു ആക്രമണം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും എത്രയും പെട്ടെന്ന് തക്ക നടപടികൾ സ്വീകരിക്കുമെന്നും ഡി.എഫ്.ഒ അറിയിച്ചു.