തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ ഓഫിസ് കേന്ദ്രീകരിച്ചു ജോലിതട്ടിപ്പു നടത്തിയെന്ന പരാതിയിൽ അന്വേഷണം തുടരവേ ആരോപണവിധേയനായ അഖിൽ സജീവും പരാതിക്കാരനായ ഹരിദാസനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്.
ഒരാഴ്ചയ്ക്കുള്ളിൽ നിയമനം ശരിയാക്കുമെന്നാണു ഹരിദാസുമായുള്ള ഫോൺ സംഭാഷണത്തിൽ അഖിൽ സജീവ് പറയുന്നത്. നടത്തിത്തരാൻ പറ്റും എന്നുള്ളതുകൊണ്ടാണു കാത്തിരിക്കാൻ പറഞ്ഞത്. ഒഴിവുണ്ട്. ഒരാഴ്ച കൂടി കഴിഞ്ഞ് കൃത്യമായി ചെയ്യാൻ പറ്റും. കേസും കാര്യവുമായി പോയിട്ട് എന്തു നേട്ടമാണുള്ളതെന്നും അഖിൽ സജീവ് ഹരിദാസിനോട് ചോദിക്കുന്നുണ്ട്. എന്നാൽ കാത്തിരിക്കാൻ ആവില്ലെന്നും പൊലീസിനെ സമീപിക്കുമെന്നുമാണു ഹരിദാസ് പറയുന്നത്. ഹരിദാസാണു സംഭാഷണം പുറത്തുവിട്ടത്.
അതേസമയം ഹരിദാസിന്റെ മൊഴി രേഖപ്പെടുത്തുമെന്നും വിശദമായ മൊഴിയെടുക്കാൻ മലപ്പുറത്തേക്കു സംഘം പോയിട്ടുണ്ടെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. ഹോമിയോ ഡോക്ടറായി താൽക്കാലികജോലി വാഗ്ദാനം ചെയ്തു മന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫ് അംഗം അഖിൽ മാത്യു, പത്തനംതിട്ട സിഐടിയു ഓഫിസ് മുൻ സെക്രട്ടറി അഖിൽ സജീവ് എന്നിവർ ചേർന്ന് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു പരാതി. റിട്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ മലപ്പുറം സാജു റോഡിലെ കാവിൽ അധികാരക്കുന്നത്ത് ഹരിദാസൻ കുമ്മോളിയാണു മന്ത്രിക്കു പരാതി നൽകിയത്. ഹരിദാസന്റെ മകന്റെ ഭാര്യ ഡോ.ആർ.ജി. നിത രാജിനാണു ജോലി വാഗ്ദാനം നൽകിയത്.