കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിത ഡോക്ടർക്കെതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് അസി. കമീഷണറുടെ അന്വേഷണ റിപ്പോർട്ട്. സംഭവശേഷം തന്നെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതി പ്രതിക്കനുകൂലമായാണ് മൊഴി നൽകിയതെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത സിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ഇതിൽ മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശൻ നടത്തിയ അന്വേഷണ വിവരങ്ങളാണ് പുറത്തുവന്നത്. മാർച്ച് 20ന് അതിജീവിതയെ പരിശോധിച്ചപ്പോഴും റിപ്പോർട്ട് എഴുതിയപ്പോഴും ഡോക്ടറുടെ ഭാഗത്ത് വീഴ്ചകൾ സംഭവിച്ചിട്ടില്ല. അതിനാൽ പരാതിയിൽ തുടർ നടപടി സ്വീകരിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. അതിജീവിത ആവശ്യപ്പെട്ട പ്രകാരം പൊലീസാണ് റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ കൈമാറിയത്.
അതേസമയം ഈ അന്വേഷണത്തിൽ തൃപ്തയല്ലെന്നും ഡോക്ടർ പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. പരാതിയിൽ പുനരന്വേഷണം നടത്താൻ കോടതിയെ സമീപിക്കും. ഡോ. പ്രീതി സ്ത്രീയെന്ന നിലയിൽപോലും ഒരു പരിഗണനയും തന്നില്ല. വളരെ മോശമായി പെരുമാറി. സാമ്പ്ൾ എടുത്തില്ല. മൊഴി പൂർണമായും രേഖപ്പെടുത്തിയില്ല. ഐ.സി.യു റെക്കോഡ് ബുക്കിൽ ഡ്യൂട്ടിയിലുള്ളവർ രേഖപ്പെടുത്തിയ സാക്ഷിമൊഴി മുഖവിലക്കെടുത്തില്ലെന്നും അവർ പറഞ്ഞു.