തിരുവനന്തപുരം: നിരവധി പേർ ജീവനൊടുക്കാൻ ഇടയാക്കിയ വ്യാജ ലോൺ ആപ്പുകൾക്ക് കേരള പൊലീസിന്റെ ‘ആപ്പ്’. എഴുപതിലേറെ വ്യാജ ലോൺ ആപ്പുകളെ പ്ലേസ്റ്റോറിൽ നിന്ന് കേരളാ പൊലീസ് സൈബർ ഓപറേഷൻ ടീം നീക്കം ചെയ്തു.
ചൈന, മൗറീഷ്യസ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രമായി പ്രവർത്തിക്കുന്ന കൂൾ കാഷ്, സാലറി ഡേ, റാപ്പിഡ് റുപ്പീ, ഫൈബ്, റുപ്പീ പ്രോ, ക്രെഡിറ്റ് ബീ തുടങ്ങി 72 ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും സൈബര്‍ ഓപറേഷന് എസ്.പി ഹരിശങ്കർ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നീക്കം ചെയ്തത്.
അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാൽ 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പൊലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്.