മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ മരണസംഖ്യ ഉയരുന്നു; 48 മണിക്കൂറിൽ 31 മരണം, 71 പേരുടെ നില ഗുരുതരം

news image
Oct 3, 2023, 7:35 am GMT+0000 payyolionline.in

മുംബൈ∙ മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ നാലു കുട്ടികളടക്കം ഏഴുപേർ കൂടി മരിച്ചു. ഇതോടെ 48 മണിക്കൂറിനുള്ളിൽ മരണസഖ്യ 31 ആയി. 31 പേരിൽ 15 പേർ നവജാതശിശുക്കളോ കുട്ടികളോ ആണ്. ആശുപത്രിയിലെ 71 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മരുന്നുകള്‍ ലഭ്യമല്ലാത്തതാണു അത്യാഹിതത്തിനു കാരണമെന്ന ആരോപണം ആശുപത്രി ഡീൻ ഡോ. ശ്യാമറാവോ വകോടേ നിഷേധിച്ചു. ഡോക്ടർമാരുടെ അഭാവമോ മരുന്നുകളുടെ അപര്യാപ്തയോ ഉണ്ടായിട്ടില്ലെന്നും ഡീൻ പറഞ്ഞു.

‘‘സംഭവിക്കാൻ പാടില്ലാത്ത കാര്യമാണു നടന്നത്. ഡോക്ടർമാരുടെയോ മരുന്നുകളുടെയോ കുറവ് ഉണ്ടായിട്ടില്ല. ഓരോ മരണത്തിലും അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. നന്ദേഡിലേക്കുള്ള യാത്രയിലാണു ഞാൻ ’’– മഹാരാഷ്ട്രയിലെ മെഡിക്കൽ എഡ്യുക്കേഷൻ മന്ത്രി ഹസൻ മുഷ്റിഫ് പറഞ്ഞു. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചതായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

മരുന്നിന്റെ ലഭ്യതക്കുറവാണ് മരണങ്ങള്‍ക്കു കാരണമെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. 70-80 കി.മീ ചുറ്റളവിലുള്ള ഏക ആശുപത്രിയാണെന്നും ചില ഘട്ടങ്ങളില്‍ രോഗികളുടെ എണ്ണം വല്ലാതെ വര്‍ധിക്കാറുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതു നിഷേധിച്ചു കൊണ്ടാണ് ഇന്നു പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ രോഗികളാണു മരിച്ചതെന്നാണ് ഇന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആശുപത്രിയില്‍ സെപ്റ്റംബര്‍ 30നും ഒക്‌ടോബര്‍ 1നും മരിച്ച 12 നവജാത ശിശുക്കള്‍ക്കു തീരെ ഭാരം ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി ഡീന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. ശിശുരോഗ വിഭാഗത്തില്‍ 142 കുട്ടികളെയാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 42 പേരുടെ നില ഗുരുതരമാണെന്നും ഡോക്ടര്‍ അറിയിച്ചു.

ആശുപത്രിയിലെ കൂട്ടമരണത്തിൽ ഏക്നാഥ് ഷിൻെഡ സർക്കാരിനെ പ്രതിരോധത്തിലാക്കി കടുത്ത വിമർശനം ഉയർത്തിയിരിക്കുകയാണ് പ്രതിപക്ഷം. വിഷയത്തിൽ അന്വേഷണം വേണമെന്നു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. വേദനാജനകവും ഗൗരതരവുമായ വിഷയമാണിതെന്നായിരുന്നു ഖർഗെയുടെ പ്രതികരണം. പബ്ലിസിറ്റിക്കായി ബിജെപി സർക്കാരിന് കോടികൾ ചിലവഴിക്കാം, കുട്ടികള്‍ക്കു മരുന്നുവാങ്ങാൻ പണമില്ലേ എന്നായിരുന്നു രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്ഫോമിൽ ചോദിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe