ആനത്തലവട്ടം ആനന്ദന് വികാര നിര്‍ഭര യാത്രയയപ്പ്; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കാരിച്ചു

news image
Oct 6, 2023, 12:28 pm GMT+0000 payyolionline.in

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് വികാര നിര്‍ഭര യാത്രയയപ്പ്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിലായിരുന്നു സംസ്കാരം. ജന്മനാട്ടിലും പതിറ്റാണ്ടുകൾ നീണ്ട കര്‍മ്മമേഖലയായിരുന്ന എകെജി സെന്ററിലും അന്ത്യാഭിവാദ്യം അര്‍പ്പിക്കാൻ നിരവധി പേരെത്തി.

മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ചാണ് സഖാക്കളും സഹപ്രവര്‍ത്തകരും ആനത്തലവട്ടം ആനന്ദനെ യാത്രയാക്കിയത്. അവസാന വിശ്രമം ശാന്തിക വാടത്തിൽ മതിയെന്ന ആനത്തലവട്ടത്തിന്‍റെ ആഗ്രഹം കണക്കിലെടുത്തായിരുന്നു ക്രമീകരണങ്ങളത്രയും. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും അടക്കം സംസ്ഥാനത്തേയും ജില്ലയിലേയും മുതിര്‍ന്ന നേതാക്കൾ അന്ത്യയാത്രയെ അനുഗമിച്ചിരുന്നു.

തൊഴിലാളി വർഗ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച നേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ പാർട്ടി ആസ്ഥാനമായ എകെജി സെന്‍ററിലും മാഞ്ഞാലിക്കുളക്കെ സിഐടിയു ആസ്ഥാനത്തും മുതിർന്ന നേതാക്കളുടെ വലിയ നിരയുണ്ടായിരുന്നു. ഔദ്യോഗിക പരിപാടികൾ വെട്ടിച്ചുരുക്കി മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെത്തി. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളും പ്രവർത്തകരും അനുഭാവികളും പൊതുജനങ്ങളും അടക്കം ജനം തിക്കിത്തിരക്കി.

മാസങ്ങളായി കാൻസര്‍ ചികിത്സയിലായിരുന്നു ആനത്തലവട്ടം ആനന്ദന്‍. ഇന്നലെ വൈകീട്ട് വിയോഗ വാർത്ത അറിഞ്ഞത് മുതൽ ചിറയിൻകീഴിലെ വീട്ടിലേക്കും ജനം ഒഴുകിയെത്തിയിരുന്നു. ആറ്റിങ്ങൽക്കാർക്കിടയിൽ അനിഷേധ്യനുമായിരുന്ന ആനത്തലവട്ടത്തിന് ജന്മനാട് നൽകിയതും വികാര നിര്‍ഭര യാത്രയപ്പാണ്. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച മുതിര്‍ന്ന നേതാവ് പോരാട്ടങ്ങൾ ബാക്കിയാക്കി മടങ്ങുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe