ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ഭീമൻ എക്സ് (മുമ്പ് ട്വിറ്റർ) ബ്ലോക്ക് ചെയ്യാനോ റിപ്പോർട്ടുചെയ്യാനോ കഴിയാത്ത പുതിയൊരു ക്ലിക്ക്ബൈറ്റി പരസ്യ ഫോർമാറ്റ് പരീക്ഷിക്കുന്നു. X-ലെ സാധാരണ പരസ്യങ്ങൾ “പരസ്യം (ad)” എന്ന ലേബൽ പ്രദർശിപ്പിക്കുന്നുണ്ട്. എന്നാൽ, പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെടുന്ന പുതിയ തരം പരസ്യങ്ങൾ മൊബൈൽ ആപ്പിലെ ഉപയോക്താക്കളുടെ “ഫോർ യു” ഫീഡിലാണ് ദൃശ്യമാവുന്നത്. അവ ലൈക് ചെയ്യാനോ, റീപോസ്റ്റ് ചെയ്യാനോ പോലും സാധിക്കുന്നില്ല.
അതിൽ അറിയാതെ ക്ലിക്ക് ചെയ്യുമ്പോൾ തേർഡ് പാർട്ടി സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുകയും ചെയ്യുന്നു. നിലവാരം കുറഞ്ഞ ക്ലിക്ക്ബെയ്റ്റ് സൈറ്റുകളിലേക്കാണ് ആളുകളെ ഇത്തരം പരസ്യങ്ങൾ എത്തിക്കുന്നതെന്നും മാഷബിൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ആരാണ് പ്രസിദ്ധീകരിക്കുന്നതെന്ന് പോലും മനസിലാകാത്ത ക്ലിക്ക്ബൈറ്റ് പരസ്യങ്ങൾ ബ്ലോക്ക് ചെയ്യാനോ റിപ്പോർട്ട് ചെയ്യാനോ സാധിക്കുന്നില്ല എന്നും യൂസർമാർ പരാതിപ്പെടുന്നുണ്ട്.
മസ്ക് കഴിഞ്ഞ വർഷം കമ്പനി ഏറ്റെടുത്തതുമുതൽ പരസ്യവരുമാനത്തിന്റെ കാര്യത്തിൽ എക്സ് കാര്യമായ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. അവരുടെ ഏറ്റവും വലിയ പരസ്യദാതാക്കളിൽ പകുതിയും പ്ലാറ്റ്ഫോം വിട്ടിരുന്നു. മാത്രമല്ല, മീഡിയ മാറ്റേഴ്സിൽ നിന്നുള്ള പുതിയ റിപ്പോർട്ട് അനുസരിച്ച്, മടങ്ങിയെത്തിയ പരസ്യദാതാക്കളാകട്ടെ മുമ്പത്തേതിനേക്കാൾ 90 ശതമാനം കുറവ് മാത്രമാണ് എക്സിൽ ചെലവഴിക്കുന്നതും.
അതുകൊണ്ട് തന്നെ ഏത് രീതിയിലും വരുമാനം കണ്ടെത്താനുള്ള എക്സിന്റെ ശ്രമമായാണ് പുതിയ ക്ലിക്ക്ബൈറ്റ് പരസ്യങ്ങളുടെ വരവെന്നാണ് പലരും വിലയിരുത്തുന്നത്. 2024 ഓടെ കമ്പനി ലാഭത്തിലാകുമെന്ന് എക്സ് സി.ഇ.ഒ ലിൻഡ യാക്കരിനോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.