പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാര്‍ത്യായനിയമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

news image
Oct 11, 2023, 5:59 am GMT+0000 payyolionline.in

തിരുവനന്തപുരം> രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാര്‍ത്യായനിയമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാക്ഷരതാ മിഷന്‍ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയില്‍ 96ാം വയസ്സില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയത് കാര്‍ത്യായനിയമ്മയായിരുന്നു.നാലാം തരം തുല്യതാ ക്ലാസില്‍ ചേര്‍ന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്‌കാരം കാര്‍ത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോള്‍ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാര്‍ത്യായനിയമ്മ പറഞ്ഞിരുന്നത്. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമാണ് ആ വാക്കുകളില്‍ ഉണ്ടായിരുന്നത്. നാരീശക്തി പുരസ്‌കാരം വാങ്ങിയ ശേഷവും പുരസ്‌കാരവുമായി നേരിട്ട് കാണാന്‍ വന്നിരുന്നു.കുട്ടിക്കാലം മുതല്‍ അധ്വാനിച്ച് കുടുംബം പോറ്റേണ്ടി വന്നതിനാല്‍ ഇത്രയും കാലമായിട്ടും പഠനത്തിന്റെ വഴിയില്‍ വരാന്‍ പറ്റാതിരുന്ന അവര്‍, ഒരവസരം കിട്ടിയപ്പോള്‍, പ്രായം വകവെയ്ക്കാതെ, അതിന് സന്നദ്ധയായത് നൂറുകണക്കിന് സ്ത്രീകള്‍ക്കാണ് പ്രചോദനമായത്.കേരളത്തിന്റെ അഭിമാനമാണ് കാര്‍ത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe