ന്യൂഡൽഹി: സംഘർഷങ്ങളും ഏറ്റുമുട്ടലുകളും ആർക്കും ഗുണം ചെയ്യില്ലെന്നും മാനുഷികമായ സമീപത്തിലൂടെയാണ് ലോകം മുന്നോട്ട് പോകേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒൻപതാമത് ജി20 പാർലമെന്ററി സ്പീക്കേഴ്സ് ഉച്ചകോടി (പി 20) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ഭീകരവാദം, അത് എവിടെ നടന്നാലും എന്ത് കാരണത്താലായാലും, അത് മനുഷ്യത്വത്തിന് എതിരാണ്’- പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദത്തിന്റെ നിർവചനത്തിൽ ഐക്യരാഷ്ട്രസഭയിൽ പോലും ഏകാഭിപ്രായമില്ലെന്നും മോദി കുറ്റപ്പെടുത്തി.
‘ഇന്ത്യ അതിർത്തി കടന്നുള്ള ഭീകരതയെ അഭിമുഖീകരിക്കുകയാണ്. 20 വർഷം മുൻപ്, സമ്മേളനം നടക്കുന്ന സമയത്ത് പാർലമെന്റിനെ ഭീകരർ ലക്ഷ്യം വച്ചിരുന്നു. എം.പിമാരെ ബന്ദികളാക്കാൻ പദ്ധതിയിട്ടിരുന്നു. ഭീകരതയെ ചെറുക്കുന്നതിൽ ഇന്ത്യ ഒരുപാട് മുന്നേറിയിട്ടുണ്ട്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എങ്ങനെ ഒരുമിച്ചു പ്രവർത്തിക്കാമെന്നു ലോകത്തിലെ പാർലമെന്റുകളും അതിന്റെ പ്രതിനിധികളും ചിന്തിക്കണം.’- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. ‘പൊതുതെരഞ്ഞെടുപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമാണെന്നും 100 കോടി വോട്ടർമാരാണ് തങ്ങളുടെ ജനവിധി വിനിയോഗിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു, ”അദ്ദേഹം പ്രതിനിധികളോട് പറഞ്ഞു.