കൊച്ചി: കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് സൗജന്യ നിയമ സഹായം നൽകാൻ ബിജെപി ലീഗൽ സെൽ. തൃശ്ശൂരിൽ ചേർന്ന മേഖല സമ്മേളനത്തിലാണ് തീരുമാനം. നിയമ സഹായത്തിനായി അഡ്വക്കേറ്റുമാരായ രവികുമാർ ഉപ്പത്ത് സുധീർ ബേബി, പി.ജി. ജയൻ, ഗിരിജൻ നായർ, ഗുരുവായൂരപ്പൻ എന്നിവരുടെ നേതൃത്വത്തിൽ അഭിഭാഷക സമിതി രൂപീകരിച്ചു. എല്ലാ നിക്ഷേപകർക്കും സമിതിയെ സഹായിക്കാമെന്നു ലീഗൽ സെൽ അറിയിച്ചു.
കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ ആർക്കൊക്കെ നൽകണമെന്ന് തീരുമാനിച്ചത് സിപിഎമ്മാണെന്ന ഇഡിയുടെ റിപ്പോർട്ട് തട്ടിപ്പിലെ സിപിഎം പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു. അനധികൃത വായ്പകൾ നൽകിയത് ഉന്നത സിപിഎം നേതാക്കളുടെ നിർദേശപ്രകാരമാണെന്നും വായ്പകൾ നിയന്ത്രിക്കാൻ സിപിഎം സബ്കമ്മിറ്റിയെ വെച്ചെന്നുമുള്ള ഇഡി റിപ്പോർട്ട് ഗൗരവതരമാണ്. ഭരിക്കുന്ന പാർട്ടി ആസൂത്രിതമായി പാവങ്ങളെ കൊള്ളയടിക്കുന്നത് സംസ്ഥാനത്ത് പതിവായിരിക്കുകയാണ്. മുഖ്യമന്ത്രിയും എംവി ഗോവിന്ദനും അറിഞ്ഞു കൊണ്ടാണോ ഇതെല്ലാം നടന്നതെന്ന് അവർ പറയണം. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളിലൊക്കെ ഇത്തരത്തിലുള്ള സംവിധാനമാണോയുള്ളതെന്ന് പറയേണ്ടത് ഗോവിന്ദനാണ്. കരുവന്നൂരിൽ ഭരണസമിതി മാത്രം അറിഞ്ഞുള്ള തട്ടിപ്പാണെന്ന സിപിഎമ്മിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ഏതൊക്കെ ആളുകൾക്ക് ബിനാമി വായ്പ അനുവദിക്കണമെന്ന് കൃത്യമായി ബാങ്കിന്റെ മിനുട്സിൽ പറഞ്ഞിട്ടുണ്ടെന്നത് സിപിഎമ്മിന്റെ എല്ലാ പ്രതിരോധവും ഇല്ലാതാക്കുന്നതാണ്. സതീഷ് കുമാറിന് എല്ലാ സഹായവും ചെയ്ത് കൊടുത്തത് സിപിഎം നേതൃത്വമാണെന്ന് വ്യക്തമായിരിക്കുകയാണ്.-സുരേന്ദ്രൻ പറഞ്ഞു.