കൊച്ചി: സ്കൂൾ ഉച്ചഭക്ഷണ കുടിശികയിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. സ്കൂൾ ഉച്ചഭക്ഷണ വിതരണ കേന്ദ്രവും സർക്കാറും തമ്മിലുള്ള ഇടപാടാണെങ്കിൽ ഹെഡ് മാസ്റ്റർ എന്തിന് പണം നൽകണമെന്ന് ഹൈകോടതി ചോദിച്ചു.
സ്കൂൾ ഉച്ചഭക്ഷണത്തിന് പണം നൽകുന്നില്ലെങ്കിൽ കേന്ദ്ര സർക്കാറിനെ ഒഴിവാക്കി ചീഫ് മിനിസ്റ്റേഴ്സ് സ്കീം എന്നാക്കണം. എന്തിനാണ് ജീവനക്കാർക്ക് ബാധ്യത ഉണ്ടാക്കുന്നതെന്നും ജസ്റ്റിസ് ടി.വി രവി ചൂണ്ടിക്കാട്ടി. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷനും നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. കേസ് മറ്റെന്നാൾ വീണ്ടും പരിഗണിക്കും.
ഹെഡ്മാസ്റ്റർമാർ കടം വാങ്ങി ഉച്ചഭക്ഷണം നൽകുന്നു, ഇത് തുടരാൻ സാധിക്കില്ല, ഹെഡ്മാസ്റ്റർമാർ ചെലവാക്കിയ തുക അനുവദിക്കണം, ഉച്ചഭക്ഷണ പദ്ധതിയുടെ കൃത്യമായ ചെലവ് നിശ്ചയിക്കുക, ചെലവിനുള്ള തുക മുൻകൂട്ടി അനുവദിക്കുക എന്നീ കാര്യങ്ങളാണ് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷനും ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.