4 കോളേജ് വിദ്യാർഥികൾ തൃശൂർ കൈനൂർ ചിറയിൽ മുങ്ങിമരിച്ചു

news image
Oct 16, 2023, 2:23 pm GMT+0000 payyolionline.in

തൃശൂർ : പുത്തൂരിനടുത്ത് മണലിപ്പുഴയിൽ  കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല്  ബിരുദ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.   വടൂക്കര സ്വദേശി സിയാദ് ഹുസൈന്‍, കുറ്റൂര്‍ സ്വദേശികളായ അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ എന്നിവരാണ് മരിച്ചത്. അബിന്‍ ജോണ്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെയും,  സയിദ് ഹുസൈനും, അര്‍ജുനും, നിവേദും തൃശൂര്‍ സെന്റ് തോമസ് കോളേജിലെയും വിദ്യാര്‍ത്ഥികളാണ്.

തിങ്കളാഴ്ച പകൽ   രണ്ടരയോടെ ചിറയിൽ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടതെന്ന് കരുതുന്നു.

കൈന്നൂർ ചിറയിൽ മൂന്നു തട്ടുകളായാണ്‌ ചെക്ക്‌ഡാം നിർമിച്ചത്‌.  വെള്ളം ഒഴുകുന്ന ചിറയ്‌ക്കു മുകളിലൂടെ അപ്പുറത്തേക്ക്‌ പരിചിതരായ സമീപവാസികൾ   നടക്കുക പതിവാണ്‌. യുവാക്കൾ ഇതിലൂടെ നടക്കുമ്പോൾ  വഴുക്കി വീണതാകാനാണ്‌ സാധ്യത. ഈ  പ്രദേശത്ത്‌ 15 അടി മാത്രമാണ്‌ വെള്ളം.  എന്നാൽ പുഴയിലേക്ക്‌ വീണതോടെ ഭയംമൂലം ശരീരം കുഴഞ്ഞ്‌ നീന്താനാവാതെ മുങ്ങിയതാണെന്ന്‌ കരുതുന്നു.

തൃശൂരിൽ നിന്ന്‌ ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ഫയർ ഓഫീസർ എം എസ്‌ സുവി, തൃശൂർ സ്‌റ്റേഷൻ ഓഫീസർ വിജയ്‌ കൃഷ്‌ണ, തഹസിൽദാർ എം എസ്‌ ജയശ്രീ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe