പുൽപ്പള്ളി: വയനാട്ടിൽ കുടുംബവഴക്കിനെ തുടർന്ന് അച്ഛൻ മകനെ കോടാലികൊണ്ട് തലക്കടിച്ച് കൊന്നു. പുൽപ്പള്ളി കല്ലുവയൽ കതവാക്കുന്ന് തെക്കേക്കര അമൽദാസാണ് (നന്ദു–22) കൊല്ലപ്പെട്ടത്. അച്ഛൻ ശിവദാസാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തിങ്കൾ രാവിലെ ഏഴോടെയായിയിരുന്നു സംഭവം. ബന്ധുവിന്റെ കൃഷിയിടത്തിൽ രാത്രിയിൽ ആനക്കാവലിന് പോയ അമൽദാസ് പുലർച്ചെ ആറോടെയാണ് വീട്ടിലെത്തിയത്. കട്ടിലിൽകിടന്നുകൊണ്ട് കബനിഗിരിയിലെ സ്വന്തം വീട്ടിൽ താമസിക്കുന്ന അമ്മ സരോജനിയുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ പതുങ്ങിയെത്തിയ ശിവദാസൻ കോടാലികൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു.
ഫോണിൽ ശബ്‌ദം കേൾക്കാതായതോടെ സരോജനിയും മകൾ കാവ്യയും അയൽപക്കക്കാരെ വിളിച്ച് വിവരം പറഞ്ഞു. ഇവരെത്തി നോക്കിയപ്പോഴാണ് കട്ടിലിൽ തല തകർന്ന് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. കമിഴ്ന്നാണ് കിടന്നിരുന്നത്. പിന്നീട് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ കൊലപാതകത്തിന് ഉപയോഗിച്ച കോടാലി രക്തംപുരണ്ട നിലയിൽ കണ്ടെത്തി. കൊലപാതകത്തിന് ശേഷം ശിവദാസ് രക്ഷപ്പെട്ടു. കുടംബവഴക്കിനെ തുടർന്ന് ഭാര്യയുമായി അകന്നാണ് ശിവദാസ് കഴിഞ്ഞിരുന്നത്. സരോജനിയും മകളും കബനിഗിരിയിലെ വിട്ടീലും അച്ഛനും മകനും കതവാക്കുന്നിലെ വീട്ടിലുമാണ് കഴിഞ്ഞിരുന്നത്.
മകൻ അമ്മയും സഹോദരിയുമായി സംസാരിക്കുന്നതും ബന്ധം പുലർത്തുന്നതും ശിവദാസിന് ഇഷ്‌ടമായിരുന്നില്ല. ഗോവയിൽ വീട്ടുജോലിക്ക് നിൽക്കുന്ന സരോജിനി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. പുൽപ്പള്ളി പൊലീസ് ഇൻക്വസ്‌റ്റ് നടത്തി മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്ത് പരിശോധന നടത്തി. ഉന്നതപൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഒളിവിൽപോയ ശിവദാസനായി പൊലീസ് അനേഷണം ഊർജിതമാക്കി.