കൊച്ചി : സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആവേശപൂർവവും അഭിമാനപൂർവവുമാണ് സര്‍ക്കാര്‍ നോക്കിക്കാണുന്നതെന്ന് മന്ത്രി ഡോ.ആര്.ബിന്ദു. കലൂര്‍ മോഡല്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പുതിയ ബ്ലോക്കിന്റെ രണ്ടും മൂന്നും നിലകളുടെ ഉദ്ഘാടനം നിര്‍വഹിച്ചുക്കുകയായിരുന്നു മന്ത്രി.
ഐ.എച്ച്.ആര്.ഡി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിമാനമാണ്. ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്ഥികളെക്കാള് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് കാര്യപ്രാപ്തി കൂടുതലായിരിക്കും. ഗുണമേന്മയുള്ള സാങ്കേതിക വിദ്യാഭ്യാസം ലഭിക്കുന്ന അവര്‍ പഠനോത്മുഖരായി മാറും.
മലയോര, തീരദേശ, ഗ്രാമ പ്രദേശങ്ങളിലെ അതിസാധാരണ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസ സൗകര്യം ഒരുക്കിയാണ് ഐ.എച്ച്.ആര്.ഡി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ ചലനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഐ.എച്ച്.ആര്.ഡി സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. കാലത്തിനനുസൃതമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ് നമ്മുടെ വിദ്യാർഥികള്‍.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികള്‍ നൂതന ആശയങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ അത് സാക്ഷാത്കരിക്കുന്നതിന് സര്‍ക്കാര്‍ പൂർണ പിന്തുണ നല്‍കും. യങ് ഇന്നോവേറ്റേഴ്സ് പരിപാടിയുടെ ഭാഗമായി അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം വരെ ഫണ്ട് അനുവദിക്കുന്നുണ്ട്. വിദ്യാർഥികളിലെ സംരംഭകത്വ താല്പര്യങ്ങള് പ്രോത്സാഹിപ്പിക്കണം.
ടെക്നിക്കല്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ടെക്നോളജി ഉപയോഗപ്പെടുത്തി സാങ്കേതിക വിദ്യയുടെ തൊഴില്‍ രംഗത്തേക്ക് കടന്നുചെല്ലാന്‍ കെല്പ്പുള്ളവരായി അവരുടെവൈദഗ്ധ്യവും നൈപുണ്യ വികസനവും സാധ്യമാക്കണമെന്നും സാങ്കേതിക വിദ്യാഭ്യാസം നേടുന്ന 95 ശതമാനം വിദ്യാര്‍ഥികള്‍ക്കും അഭിലഷണീയമായ തൊഴില്‍ ലഭ്യമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എം.പി മുഖ്യാതിഥിയായിരുന്നു. കൊച്ചി കോര്പ്പറേഷന് വിദ്യാഭ്യാസ സ്പോര്‍ട്സ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.എ ശ്രീജിത്ത്, ഐ.എച്ച്.ആര്.ഡി ഡയറക്ടര്‍ ഡോ. വി.എ അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കിഫ്ബിയുടെ സഹായത്തോടെയാണ് ഒരുകോടി രൂപ ചെലവില്‍ പുതിയ ബ്ലോക്കിലെ രണ്ടും മൂന്നും നിലകളുടെ നിർമാണം പൂര്‍ത്തിയാക്കിയത്.