ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന: റയീസിന്റെ ജാമ്യാപേക്ഷ തള്ളി

news image
Oct 17, 2023, 10:29 am GMT+0000 payyolionline.in

 

തിരുവനന്തപുരം> ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന നടത്തി വ്യാജ അഴിമതി ആരോപണമുന്നയിച്ച കേസിലെ പ്രതി റയീസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മൂന്നാം പ്രതിയായ റയീസിന്റെ വാദങ്ങൾ തള്ളിയാണ്‌ തിരുവനന്തപുരം ജെഎഫ്‌സിഎം കോടതിയുടെ നടപടി. നിരപരാധിയാണെന്നും ഫോൺ മറ്റുള്ള പ്രതികൾ ഇദ്ദേഹത്തിന്റെ അറിവില്ലാതെ ദുരുപയോഗപ്പെടുത്തുകയായിരുന്നു എന്നും റയീസിന്റെ അഭിഭാഷകൻ വാദിച്ചു. 14 ദിവസമായി റിമാൻഡിൽ കഴിയുന്ന പ്രതി ഇനിയും കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും റയീസിന്‌ വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

ആരോഗ്യമന്ത്രിയുടെ ഓഫീസിനെ സംശയ ദൃഷ്ടിയിലാക്കാൻ രാഷ്ട്രീയ ഗൂഡാലോചനയും മറ്റും നടന്നോയെന്ന്‌ അന്വേഷണം നടക്കുന്ന ഘട്ടത്തിൽ റയീസിന്‌ ജാമ്യം നൽകരുതെന്ന്‌ അഡീഷണൽ പബ്ലിക്‌ പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി വാദിച്ചു. ആയുഷ്‌ മിഷന്റെ പേരിൽ വ്യാജ നിയമന ഉത്തരവ്‌ തയ്യാറാക്കി ഹരിദാസന്റെ മരുമകൾക്ക്‌ അയച്ച്‌ കൊടുത്തത്‌ റയീസിന്റെ ഫോണുപയോഗിച്ചാണ്‌.

സർക്കാരിനെതിരെ പ്രതികൾ നടത്തിയ ഗൂഡാലോചന അന്വേഷണഘട്ടത്തിലാണ്‌. ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ പ്രതി തെളിവുകൾ നശിപ്പിക്കും. അഭിഭാഷകൻ കൂടിയായ പ്രതി കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ്‌ ജെഎഫ്‌സിഎം (മൂന്ന്‌) മജിസ്ട്രേറ്റ്‌ അഭിനിമോൾ രാജേന്ദ്രൻ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്‌.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe