അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം ; ദേശീയപാതകളും എഐ കാമറ 
നിരീക്ഷണത്തിലേക്ക്‌

news image
Oct 21, 2023, 2:31 am GMT+0000 payyolionline.in

കൊച്ചി: ദേശീയപാതകളിലെയും അതിവേഗ പാതകളിലെയും ഗതാഗത നിയമലംഘനം കണ്ടെത്താൻ അത്യാധുനിക നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ –-എഐ) കാമറയും നിരീക്ഷണസംവിധാനവും വരുന്നു. ഇപ്പോഴുള്ള വിഡിഐഎസ്‌ കാമറകൾക്ക്‌ പകരം ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയിൽ ബന്ധിപ്പിക്കുന്ന വിവിധതരം കാമറകളും സോഫ്‌റ്റ്‌വെയറുകളും ഉൾപ്പെടുന്ന വീഡിയോ ഇൻസിഡന്റ്‌ ഡിറ്റക്‌ഷൻ ആൻഡ്‌ എൻഫോഴ്‌സ്‌മെന്റ്‌ സിസ്‌റ്റം (വിഡിഇഎസ്‌) ആണ്‌ ദേശീയപാത അതോറിറ്റി സ്ഥാപിക്കുന്നത്‌. നിയമം ലംഘിക്കുന്നവരിൽനിന്ന്‌ പിഴ ഈടാക്കുന്നതിനുപുറമെ അപകടങ്ങളിലും മറ്റു അടിയന്തരഘട്ടങ്ങളിലും അതിവേഗ സന്ദേശങ്ങളും മുന്നറിയിപ്പുകളും നൽകാനും പുതിയ സംവിധാനത്തിനാകും. യാത്രികർക്ക്‌ ഗതാഗത നിർദേശങ്ങൾ നിശ്ചിത ആപ് വഴി കൈമാറും.

മൂന്നുതരം 
കാമറകൾ

 

ഓരോ 10 കിലോമീറ്ററിലും പാതയ്‌ക്ക്‌ ഇരുപുറത്തും ഒരു കിലോമീറ്റർ ഇടവിട്ട്‌ സ്ഥാപിക്കുന്ന നിരീക്ഷണ കാമറയാണ്‌ ആദ്യത്തേത്‌. 500 മീറ്റർവരെ വീഡിയോ ദൃശ്യങ്ങൾ വ്യക്തതയോടെ ഒപ്പിയെടുക്കും. അത്യാഹിതങ്ങളോ അസാധാരണ സംഭവങ്ങളോ ഉണ്ടായാൽ പ്രാഥമിക പരിശോധനയ്‌ക്ക്‌ ഉപയോഗിക്കുക ഇതിലെ ദൃശ്യങ്ങളാകും. 10 മുതൽ 55 ഡിഗ്രി സെൽഷ്യസ്‌ അന്തരീക്ഷതാപനിലയിൽവരെ കാമറ തടസ്സമില്ലാതെ പ്രവർത്തിക്കും.
പാതയ്‌ക്ക്‌ മുകളിൽ ലോ ആംഗിളിൽ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക്‌ നമ്പർപ്ലേറ്റ്‌ റെക്കഗ്നിഷൻ (എഎൻപിആർ) കാമറയാണ്‌ രണ്ടാമത്തേത്‌. 180 കിലോമീറ്റർ വേഗത്തിൽവരെ പോകുന്ന വാഹനങ്ങളുടെ നമ്പർപ്ലേറ്റുകളുടെ വ്യക്തമായ ദൃശ്യം പകർത്തും. പതിനഞ്ചിനം വ്യത്യസ്‌ത ഗതാഗത നിയമലംഘനങ്ങളും തരംതിരിച്ച്‌ കണ്ടെത്തും.

പാതയുടെ മുകളിൽ സ്ഥാപിക്കുന്ന ഓവർവ്യൂ വീഡിയോ കാമറയാണ്‌ മൂന്നാമത്തേത്‌. പാതയിലെ വരികളുടെ എണ്ണമനുസരിച്ച്‌ ഓരോഭാഗത്തും 10 കിലോമീറ്റർ ഇടവിട്ട്‌ സ്ഥാപിക്കും. 60 മുതൽ 100 മീറ്റർവരെ ദൂരം വ്യക്തതയോടെ കാണാവുന്ന ഈ കാമറ രാത്രിദൃശ്യങ്ങളും വ്യക്തതയോടെ പകർത്തും.

നടപടികൾക്ക്‌ 
കൺട്രോൾ സെന്ററുകൾ
ഓരോ 100 കിലോമീറ്ററിലും കൺട്രോൾ സെന്ററുണ്ടാകും. ദൃശ്യങ്ങൾ പരിശോധിക്കുന്നതും തുടർനടപടികളെടുക്കുന്നതും ഇവിടെയാണ്‌.  പകർത്തുന്ന ദൃശ്യങ്ങൾ വാഹനങ്ങളുടെ തരം, നിയമലംഘനത്തിന്റെയും അപകടങ്ങളുടെയും സ്വഭാവം എന്നിവ തരംതിരിച്ചാണ്‌ കൺട്രോൾ സെന്ററിലേക്ക്‌ നൽകുക. അപകടം ഉണ്ടാകുമ്പോൾ ആ ദൃശ്യം ശ്രദ്ധയിൽക്കൊണ്ടുവരുംവിധം സെന്ററിൽ അലാം മുഴങ്ങും. പ്രത്യേക സന്ദർഭങ്ങളിൽ  സന്ദേശങ്ങളും മുന്നറിയിപ്പുകളും നൽകാനും അടിയന്തര സർവീസുകൾ ഏകോപിപ്പിക്കാനും  സെന്ററിന്‌ കഴിയും.
അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (എടിഎംഎസ്) 2023 നടപ്പാക്കാൻ ഈമാസം പുറത്തിറക്കിയ പുതുക്കിയ നയത്തിന്റെ ഭാഗമാണ്‌ ദേശീയപാത അതോറിറ്റിയുടെ പദ്ധതി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe