ചെങ്ങന്നൂരിൽ 2 മിനിറ്റ് സ്റ്റോപ്പ്; വന്ദേ ഭാരത് സമയത്തിൽ മാറ്റം

news image
Oct 21, 2023, 1:58 pm GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരതിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി. ചെങ്ങന്നൂരിൽ അധിക സ്റ്റോപ്പ് അനുവദിച്ചതിനെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. തിരുവനന്തപുരത്ത് നിന്ന് നേരത്തെ പുറപ്പെടുന്ന ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതിനൊപ്പം തൃശ്ശൂരിൽ അധിക സമയം നിർത്താനും തീരുമാനമായിട്ടുണ്ട്. പുതിയ സമയക്രമം തിങ്കളാഴ്ച (ഒക്ടോബർ 23, 2023) മുതൽ നടപ്പിൽ വരും.

രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് ഇനി മുതൽ രാവിലെ 5.15 നാണ് സർവീസ് ആരംഭിക്കുക. 6.03 ന് കൊല്ലത്തെത്തും. 6.05 ന് ഇവിടെ നിന്ന് പുറപ്പെടും. 6.53 ന് ചെങ്ങന്നൂരിൽ നിർത്തും. രണ്ട് മിനിറ്റിന് ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും.

കോട്ടയത്തും എറണാകുളത്തും ട്രെയിൻ എത്തുന്ന സമയത്തിലും ഇവിടെ നിന്ന് പുറപ്പെടുന്ന സമയത്തിനും മാറ്റമുണ്ടാകില്ല. തൃശ്ശൂരിൽ പതിവായി എത്തുന്ന 9.30 ന് തന്നെ ട്രെയിൻ എത്തും. എന്നാൽ ഒരു മിനിറ്റ് അധികം മുൻപത്തേതിലും ഈ സ്റ്റോപ്പിൽ ട്രെയിൻ നിർത്തും. 9.33 നാവും ഇനി ട്രെയിൻ ഇവിടെ നിന്ന് പുറപ്പെടുക. ഷൊർണൂർ മുതൽ കാസർകോട് വരെയുള്ള ട്രെയിൻ സമയങ്ങളിൽ മാറ്റമുണ്ടായിരിക്കില്ലെന്നും റെയിൽവെ അറിയിച്ചിട്ടുണ്ട്. ഷൊർണൂരിന് ശേഷം കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പ്.

തിരിച്ചുള്ള സർവീസിൽ കാസർകോട് മുതൽ ഷൊർണൂർ വരെ സമയത്തിൽ മാറ്റമില്ല. തൃശ്ശൂരിൽ മുൻപ് എത്തിയിരുന്ന 6.10 ന് തന്നെ ട്രെയിനെത്തും. എന്നാൽ ഒരു മിനിറ്റ് അധികം ഇവിടെ നിർത്തുമെന്നും 6.13 ന് സർവീസ് ആരംഭിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. എറണാകുളത്തും കോട്ടയത്തും സമയത്തിൽ മാറ്റമില്ല. ചെങ്ങന്നൂരിൽ 8.46 ന് ട്രെയിനെത്തും. 8.48 ന് ഇവിടെ നിന്ന് പുറപ്പെടും. കൊല്ലത്ത് 9.34 ന് എത്തുന്ന ട്രെയിൻ 9.36 ന് ഇവിടെ നിന്ന് പുറപ്പെടും. മുൻപത്തേതിലും അഞ്ച് മിനിറ്റ് വൈകി 10.40 നാവും ട്രെയിൻ തിരുവനന്തപുരത്ത് തിരിച്ചെത്തുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe