ഇസ്രയേൽ – പലസ്തീൻ സംഘർഷം: ജോർദാൻ രാജാവുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി

news image
Oct 23, 2023, 4:06 pm GMT+0000 payyolionline.in

ന്യൂഡൽഹി ∙ ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജോർദാൻ രാജാവ് അബ്ദുല്ലയുമായി ഫോണിൽ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോര്‍ദാൻ രാജാവുമായി, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് സംസാരിച്ചതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. തീവ്രവാദം, അക്രമം, സാധാരണ പൗരരുടെ മരണം തുടങ്ങിയ വിഷയങ്ങളിൽ ആശങ്ക പങ്കുവച്ചു. മേഖലയില്‍ സുരക്ഷ ഏർപ്പെടുത്താനും ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായും പ്രധാനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഗാസയിൽ ഇസ്രയേൽ സൈന്യം വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി ജോർദാൻ രാജാവുമായി സംഭാഷണത്തിലേർപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിലൂടെ കൂടുതൽ ഹമാസുകാരെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ബന്ദികളാക്കപ്പെട്ടവരുടെ കൂടുതൽ വിവരം ലഭിക്കാനായാണ് സേന ഗാസയിലേക്ക് കടന്നതെന്നും അവർ പറയുന്നു.

ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ നുഴഞ്ഞുകയറി ആക്രമണം നടത്തിയ ഹമാസ് 200ലേറെപ്പേരെ ബന്ദികളാക്കിയതായാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ തിരിച്ചടിയിൽ അറബ് രാജ്യങ്ങൾ അതൃപ്തിയുമായി രംഗത്തുവന്നിരുന്നു. ഗാസയിലെ ആശുപത്രി ആക്രമിച്ചതോടെ യുഎസ് പ്രസിഡന്റുമായുള്ള യോഗത്തിൽനിന്ന് അവർ പിന്മാറി. ജോർദാന്‍ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കെടുക്കേണ്ട യോഗമായിരുന്നു ഇത്. അതേസമയം ആശുപത്രിയിലെ ആക്രമണത്തിന് ഇസ്രയേലും ഹമാസും പരസ്പരം പഴിചാരി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe