റിയാദ്: സൗദി അറേബ്യയില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതര്‍. മാതളനാരങ്ങ കൊണ്ടുവന്ന ഷിപ്പ്‌മെന്റ് പരിശോധിച്ചപ്പോഴാണ് 900,000ത്തിലേറെ ലഹരി ഗുളികകള്‍ കണ്ടെത്തിയത്.
സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയില്‍ മാതളനാരങ്ങയുടെ അകത്ത് ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തുകയായിരുന്നു. ആകെ 932,980 ലഹരി ഗുളികകളാണ് പിടികൂടിയത്. സാധാരണ നിലയില്‍ നടത്താറുള്ള പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പരിശോധനയില്‍ ആധുനിക സുരക്ഷാ ടെക്‌നിക്കുകള്‍ ഉപയോഗിച്ചിരുന്നു.
ലഹരി ഗുളികകള്‍ പിടിച്ചെടുത്ത അതോറിറ്റി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിന്റെ സഹായം തേടുകയും സൗദി അറേബ്യയില്‍ ഈ ഷിപ്പ്‌മെന്റ് സ്വീകരിക്കാനെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാജ്യത്തിന് അകത്തേക്കും രാജ്യത്തിന് നിന്ന് പുറത്തേക്കും പോകുന്ന എല്ലാ ഷിപ്പ്‌മെന്റുകളും പരിശോധിക്കുന്നത് തുടരുമെന്നും കള്ളക്കടത്ത് തടയുമെന്നും സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.