തിരൂരിൽ ട്രെയിനിൽ പുക, യാത്രക്കാര്‍ കൂട്ടത്തോടെ പുറത്തേക്ക് ചാടി; കുതിച്ചെത്തിയ വന്ദേഭാരതിന് മുന്നില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

news image
Oct 26, 2023, 2:31 am GMT+0000 payyolionline.in

തിരൂർ: ട്രെയിന്‍ ബോഗിയില്‍നിന്ന് പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. തിരൂര്‍ മുത്തൂരില്‍ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. മംഗലാപുരം-ചെന്നൈ എക്‌സ്പ്രസിന്റെ ബോഗിയില്‍നിന്നാണ് പുക ഉയര്‍ന്നത്.

ട്രെയിൻ മുത്തൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപമെത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിന്‍ എന്‍ജിനില്‍നിന്ന് മൂന്നാമത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ബോഗിയിലാണ് പുക ഉയര്‍ന്നത്. അതോടെ ട്രെയിനില്‍ നിലവിളിയും ബഹളവുമായി. ഉടന്‍ യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ട്രെയിന്‍ നിന്നതോടെ യാത്രക്കാര്‍ കൂട്ടത്തോടെ പുറത്തേക്ക് ചാടി. ജനറല്‍ കമ്പാര്‍ട്ട്‌മെന്റായതിനാല്‍ നിന്നുതിരിയാനിടമില്ലാത്ത വിധം യാത്രക്കാരുണ്ടായിരുന്നു. പൂജാ അവധി കഴിഞ്ഞ് മടങ്ങുന്നവരായിരുന്നു അധികവും.

യാത്രക്കാരുടെ നിലവിളി കേട്ട് നാട്ടുകാരും ഓടിയെത്തിയതോടെ സംഭവസ്ഥലത്ത് വന്‍ ജനക്കൂട്ടമായി. തിരൂരില്‍നിന്ന് അഗ്നിശമന സേനയെത്തിയപ്പോഴേക്ക് പുക അടങ്ങിയിരുന്നു. യാത്രക്കാരും നാട്ടുകാരും റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്നതിനിടെ കുതിച്ചെത്തിയ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നില്‍നിന്ന് ആളുകള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പുക ഉയർന്നതിനെ തുടർന്ന് മംഗലാപുരം- ചെന്നൈ എക്‌സ്പ്രസ് അര മണിക്കൂറോളം ഇവിടെ നിര്‍ത്തിയിട്ടു. അപായ സൂചനയെ തുടര്‍ന്ന് ട്രെയിനിന്റെ മിക്ക ബോഗികളിലെ യാത്രക്കാരും പുറത്തെത്തിയിരുന്നു.

ഒമ്പതരയോടെയാണ് ട്രെയിന്‍ മുത്തൂരിലെത്തിയത്. നിമിഷ നേരം കൊണ്ടാണ് ചളിയും പുല്‍ക്കാടും നിറഞ്ഞ സ്ഥലത്തേക്ക് യാത്രക്കാര്‍ ചാടിയിറങ്ങിയത്. പലര്‍ക്കും നിസ്സാര പരിക്കുകളേറ്റിട്ടുണ്ട്.

ട്രെയിൻ തിരൂര്‍ വിട്ടതിന് പിന്നാലെയായിരുന്നു സംഭവം. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അധികൃതരെത്തി പരിശോധിച്ചപ്പോൾ ബോഗിയിലെ പുക നിയന്ത്രണ സംവിധാനത്തിലെ ഗ്യാസ് ചോർന്നതാണ് പുക നിറയാൻ കാരണമെന്ന് കണ്ടെത്തി. തുടർന്ന് ട്രെയിൻ യാത്ര തുടർന്നെങ്കിലും ചില യാത്രക്കാർ ഇതറിഞ്ഞില്ല. പുല്‍ക്കാടിലും ചെളിയിലും കുടുങ്ങിയ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് നാട്ടുകാരാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe