സർചാർജ് പിൻവലിക്കില്ല: വൈദ്യുതി നിരക്കിൽ യൂണിറ്റിന് 19 പൈസ അധികം ഈടാക്കുന്നത് തുടരും

news image
Oct 26, 2023, 6:23 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനം. വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ് സർചാർജ് ഏർപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 9 പൈസ സർചാർജ് ഈടാക്കിയാണ് കെഎസ്ഇബി വരുമാന നഷ്ടം നികത്താൻ ശ്രമം തുടങ്ങിയത്. പിന്നീടിത് 19 പൈസയാക്കി ഉയർത്തുകയായിരുന്നു.

ജൂൺ മാസം ഒന്ന് മുതലാണ് അതുവരെ ഈടാക്കിയിരുന്ന ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി സർചാർജ് ഈടാക്കാൻ തീരുമാനിച്ചത്. ഇതോടെ യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ കെഎസ്ഇബിക്ക് ലഭിച്ചിരുന്നത്. യൂണിറ്റിന് 44 പൈസ ഈടാക്കാനാണ് കെഎസ്ഇബി അപേക്ഷിച്ചത്. എന്നാല്‍ റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി ഇല്ലാതെ ബോര്‍ഡിന് പരമാവധി 19 പൈസ വരെ സർചാർജ് ഈടാക്കാമെന്ന ചട്ടപ്രകാരമാണ് വർധന നടപ്പാക്കിയത്.

ഒമ്പത് പൈസ സര്‍ചാര്‍ജ് ഒക്ടോബര്‍ വരെ തുടരാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതി നൽകിയിരുന്നു. ഇതിന് പുറമെയാണ് ജൂൺ മുതൽ പത്ത് പൈസ കൂടി കെഎസ്ഇബി അധികമായി ഈടാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe