ആലുവ: വാളയാർ പീഡനക്കേസ് പ്രതി പാലക്കാട് പാമ്പൻ പള്ളം അട്ടപ്പുള്ള കല്ലൻകാട് വീട്ടിൽ മധു(29)വിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എടയാറിലെ ഫാക്ടറി സൈറ്റ് മാനേജർ നിയാസിനെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മധു സ്ഥാപനത്തിൽ മോഷണം നടത്തിയെന്ന പേരിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ഇയാളെ ബുധനാഴ്ച്ച രാത്രി കസ്റ്റഡിയിൽ എടുത്തിരുന്നു.
36 മണിക്കൂറോളം തടഞ്ഞുവെച്ച് നടത്തിയ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട മനോവിഷമത്തിലാണ് മധു ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. ഇതിന്റെ പേരിലാണ് നിയാസിനെ അറസ്റ്റ് ചെയ്തത്. മധുവിൻറെ പോസ്റ്റ് മോർട്ടം കഴിഞ്ഞു. അതിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളിൽ ശരീരത്തിൽ മർദനത്തിന്റെ പാടുകളോ, മുറിവുകളോ ഇല്ലെന്ന് ബിനാനിപുരം സി.ഐ പറഞ്ഞു.
തൂങ്ങി മരിച്ച ലക്ഷണം തന്നെയാണ് ഉള്ളത്. പോസ്റ്റ് മോർട്ടത്തിൻറെ വിശദമായ റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. എടയാർ വ്യവസായമേഖലയിൽ പ്രവർത്തനം നിലച്ച ബിനാനി സിങ്ക് കമ്പനി വളപ്പിലെ പൂട്ടിക്കിടക്കുന്ന ആരോഗ്യ കേന്ദ്രത്തിനുള്ളിൽ ബുധനാഴ്ച്ച രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.