പൊന്നാനി: പൊന്നാനി സ്വദേശി അലുങ്ങല്‍ സുലൈഖയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് യൂനസ് കോയക്കെതിരെ പൊന്നാനി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൊന്നാനി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 250 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും നിർണായകമാണ്.
പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് കുറ്റപത്രം സമർപിച്ചത്. ജൂണ്‍ 20നാണ് പൊന്നാനി സ്വദേശി അലുങ്ങല്‍ സുലൈഖയെ ഭര്‍ത്താവ് യൂനസ്കോയ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ അഞ്ചുദിവസത്തിനുശേഷം പൊലീസ് ഹൈദരാബാദില്‍നിന്നും പിടികൂടുകയായിരുന്നു.
ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്റെ മേൽനോട്ടത്തിൽ തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ പൊന്നാനി ഇൻസ്പെക്ടർ വിനോദ് വലിയറ്റൂർ, സബ് ഇൻസ്പെക്ടർ എം.കെ. നവീൻ ഷാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി. സജു കുമാർ, വൈ. പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.