തിരുവനന്തപുരം: കളമശ്ശേരി സ്ഫോടന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതിജാഗ്രത. ഡൊമിനിക് മാർട്ടിൻ എന്നയാൾ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും സുരക്ഷാനടപടി കർശനമാക്കി. ഇത്തരം സംഭവങ്ങള്‍ വ്യാപിക്കാതിരിക്കാനുള്ള രാഷ്ട്രീയ തയാറെടുപ്പിന്റെ ഭാഗമായി മുഖ്യമന്ത്രി അടിയന്തര സർവകക്ഷിയോഗം വിളിച്ചു.
തിങ്കളാഴ്ച രാവിലെ 10ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം. എല്ലാ പാർട്ടി പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. സി.പി.എം നേതൃയോഗങ്ങളുടെ ഭാഗമായി ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി ഞായറാഴ്ച വൈകുന്നേരത്തോടെ തിരിച്ചെത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് അടക്കമുള്ളവരുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് സർവകക്ഷി യോഗത്തിന് ധാരണയായത്.
‘കേരളീയം’പരിപാടിയുമായി ബന്ധപ്പെട്ട് ഞായറാഴ്ച നടത്താനിരുന്ന പരിപാടികൾ മാറ്റി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരെത്തുമെന്ന് പ്രതീക്ഷിക്കുന്ന ‘കേരളീയം’ പരിപാടിക്ക് മുന്നോടിയായി തയാറാക്കുന്ന വേദികൾ അതിസുരക്ഷാമേഖലയായി പരിഗണിച്ച് നിരീക്ഷിക്കും. സമൂഹമാധ്യമങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തി. മതസ്പർധയും വർഗീയവിദ്വേഷവും പരത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ് സാഹിബ് അറിയിച്ചു.
അവധിയിലുള്ള മുഴുവന്‍ പേരെയും തിരിച്ചുവിളിക്കാൻ ജില്ല പൊലീസ് മേധാവിമാർക്ക് ആഭ്യന്തരവകുപ്പ് നിർദേശം നല്കി. ഓരോ പൊലീസ് സ്റ്റേഷന് പരിധിയിലെയും ആളുകൂടുന്ന ഇടങ്ങളും പൊതുസ്ഥലങ്ങളും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇവിടങ്ങളിൽ നിരീക്ഷണ കാമറ പ്രവര്‍ത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്തും. റെയില്‍വേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡ്, വിമാനത്താവളം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കി.
ഷോപ്പിങ് മാളുകള്‍, പ്രാർഥനാകേന്ദ്രങ്ങള്‍, ഹോട്ടലുകൾ, ലോഡ്ജുകള്‍ ഉള്‍പ്പടെ നിരീക്ഷിക്കാനും പൊലീസിന് നിർദേശമുണ്ട്. തലസ്ഥാനത്ത് യഹോവാസാക്ഷികളുടെ ആരാധനാലയം സ്ഥിതിചെയ്യുന്ന കുന്നുകുഴിയില്‍ പൊലീസ് സംഘമെത്തി. ഞായറാഴ്ച പകല്‍ ഇതുവഴി പോയ വാഹനങ്ങളെല്ലാം പരിശോധിച്ചു.