ആന്ധ്ര ട്രെയിൻ അപകടം: ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി; മരിച്ചവരിൽ ലോക്കോ പൈലറ്റും ​ഗാർഡും

news image
Oct 30, 2023, 3:59 am GMT+0000 payyolionline.in

അമരാവതി: ആന്ധ്രാപ്രദേശിൽ ഇന്നലെയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ പാലസ എക്സ്പ്രസിന്റെ  ലോക്കോ പൈലറ്റും ​ഗാർഡും ഉൾപ്പെടുന്നു. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് ഇന്നലെ എതിർദിശയിലുള്ള ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പത്ത് പേർ മരിച്ചു എന്നായിരുന്നു ഒടുവിലെത്തിയ റിപ്പോർട്ട്. 25 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഓവർ ഹെഡ് കേബിൾ പൊട്ടിയതിനാൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്സ്പ്രസ് ഇടിച്ചു കയറി. പാസഞ്ചറിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. ആ ബോഗികളിൽ ഉണ്ടായിരുന്നവർ ആണ് മരിച്ചത്.

സിഗ്നൽ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണൽ മാനേജർ അറിയിച്ചു. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. റെയിൽവേ ഹെല്പ്ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തെക്കുറിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് റിപ്പോർട്ട് തേടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe