ദോഹ: അന്താരാഷ്ട്ര നിയമങ്ങളും സമാധാന ദൗത്യങ്ങളും കാറ്റിൽ പറത്തി ഗസ്സയിൽ മരണം പെയ്യിച്ച് ഇസ്രായേലിന്റെ ആക്രമണം തുടരുമ്പോൾ ലോകത്തിന്റെ കണ്ണുകളെല്ലാം ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങളിലേക്ക്.22 ദിനം പിന്നിട്ട യുദ്ധത്തിൽ മരണസംഖ്യ 8000 കടന്നതിനു പിന്നാലെ ഇസ്രായേൽ കരയാക്രമണത്തിനും തുടക്കമിട്ടെങ്കിലും ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ വിജയം കാണുമെന്ന പ്രതീക്ഷയിലാണ് ലോകം. കഴിഞ്ഞ മൂന്നാഴ്ചയായി വിവിധ രാഷ്ട്ര തലവന്മാരുമായി ആശയവിനിമയം നടത്തിയും മറ്റും അറബ് രാഷ്ട്രത്തിന്റെ ഇടപെടൽ തുടരുകയാണ്.
ഖത്തറിന്റെ ഇടപെടലിലൂടെയായിരുന്നു ഹമാസ് തടവിൽനിന്ന് നാലു ബന്ദികളുടെ മോചനം സാധ്യമാക്കിയത്. ശേഷിക്കുന്ന ബന്ദികളുടെ മോചനവും താൽക്കാലിക വെടിനിർത്തലിനുള്ള സാധ്യതയും സജീവമായതായി വെള്ളിയാഴ്ച വൈകീട്ടോടെ അറബ് മാധ്യമങ്ങളിൽ വാർത്ത വന്നതിനു പിന്നാലെ, അതേ രാത്രിയിൽ ഇസ്രായേൽ ബോംബാക്രമണത്തിന് തീവ്രത വർധിപ്പിച്ചത് വീണ്ടും ആശങ്കക്കിടയാക്കി.
ഗസ്സയിലെ ഇന്റർനെറ്റ് ബന്ധം പൂർണമായി വിച്ഛേദിച്ച് മേഖലയെ ഇരുട്ടിലാക്കിയായിരുന്നു ഇന്നേവരെ നടന്നതിൽ ഏറ്റവും വലിയ ബോംബിങ് നടത്തിയത്. ഖത്തറും ഈജിപ്തും തുർക്കിയയും ഐക്യരാഷ്ട്രസഭയും ഉൾപ്പെടെ നടത്തുന്ന സമാധാന ശ്രമങ്ങൾക്കേറ്റ തിരിച്ചടിയായി ഈ ആക്രമണം വിലയിരുത്തപ്പെട്ടെങ്കിലും ദൗത്യം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഖത്തർ. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമമായ ‘സി.എൻ.എന്നി’നു നൽകിയ അഭിമുഖത്തിൽ ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് അൽ അൻസാരി ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു.
മരണസംഖ്യ വർധിക്കുന്നതും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികൾക്കെതിരെ ആക്രമണം തുടരുന്നതും ആശങ്ക സൃഷ്ടിക്കുന്നുവെങ്കിലും ബന്ദിമോചനം ഉൾപ്പെടെയുള്ള ശ്രമം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.